ശ്രീകണ്ഠപുരം: ഭരണാനുമതി ലഭിച്ചിട്ടും പ്രവൃത്തി അനന്തമായി നീണ്ടുപോകുന്ന ചെങ്ങളായി അടൂർ കടവ് പാലം ഉടൻ യാഥാർത്ഥ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും നിലവിൽ മലപ്പട്ടം മുനമ്പ് വരെ ആരംഭിക്കാൻ പോകുന്ന മലബാർ ക്രൂയിസ് ടൂറിസം പദ്ധതി ശ്രീകണ്ഠപുരം വരെ നീട്ടണമെന്നും സി.പി. ഐ ചെങ്ങളായി ലോക്കൽ സമ്മേളനം അധികൃതരോട് ആവശ്യപെട്ടു. സമ്മേളനം എ.വി ബാലകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ സി.പി. ഐ കണ്ണൂർ ജില്ലാ എക്സികുട്ടീവ് അംഗം എം. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി പി.കെ. സതീശൻ റിപ്പോർട്ട് അവതരിപ്പിച്ചു. ടി.കെ. വത്സൻ, അഡ്വ: എം. രാജീവൻ, കെ.കെ. ബാലകൃഷ്ണൻ, സി. രവീന്ദ്രൻ, അഡ്വ: സി. രാജീവൻ, പി.കെ. ചിത്രലേഖ, എ.ബിന്ദു.കെ.എസ് ശരൺ തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പി.വി ഷൈജു ( സെക്രട്ടറി), കെ.എസ് ശരൺ ( അസി: സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
റിപ്പോർട്ട്: സിബി ശ്രീകണ്ഠപുരം