പതിനാലാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളക്ക് തുടക്കമായി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 26 August 2022

പതിനാലാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളക്ക് തുടക്കമായി

 



*ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌ക്കാരം മുഖ്യമന്ത്രിയിൽ നിന്ന് റീന മോഹൻ ഏറ്റുവാങ്ങി

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന പതിനാലാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയ്ക്ക് (ഐ.ഡി.എസ്.എഫ്.എഫ്.കെ) വെള്ളിയാഴ്ച തിരുവനന്തപുരത്ത് തിരശ്ശീലയുയർന്നു.  ഓഗസ്റ്റ് 31 വരെ നീളുന്ന മേളയുടെ വേദി കൈരളി, ശ്രീ, നിള തിയേറ്ററുകളാണ്.

കൈരളി തിയേറ്ററിൽ നടന്ന ചടങ്ങിൽ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്തു.  ചടങ്ങിൽ രണ്ട് ലക്ഷം രൂപയും മെമെന്റോയും ശിലാഫലകവുമടങ്ങുന്ന ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ഡോക്യുമെന്ററി സംവിധായകയും എഡിറ്ററുമായ റീന മോഹന് മുഖ്യമന്ത്രി സമ്മാനിച്ചു.

ഒരു വ്യാഴവട്ടത്തിലേറെയായി ഡോക്യുമെന്ററി, എഡിറ്റിംഗ്, ക്യൂറേറ്റിംഗ് രംഗങ്ങളിൽ പ്രവർത്തിക്കുന്ന തനിക്ക് ലഭിച്ച പുരസ്‌ക്കാരം സിനിമയിലെ അറിയപ്പെടാത്ത വനിതാ കലാകാരൻമാർക്ക് സമർപ്പിക്കുന്നതായി റീന മോഹൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു. സിനിമയിലെ വനിതാ എഡിറ്റർമാർക്കും സിനിമയുടെ ഇതര മേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്കും കേരളത്തിലെ വിമൻ ഇൻ സിനിമാ കളക്ടീവിനുമായി (ഡബ്ല്യു.സി.സി) പുരസ്‌ക്കാരം സമർപ്പിക്കുന്നതായി റീന പറഞ്ഞു. ഡോക്യുമെന്ററി-ഹ്രസ്വ ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കേരള സർക്കാറിന്റെ നടപടികളെ അവർ അഭിനന്ദിച്ചു.

ചടങ്ങിന് ശേഷം ഉദ്ഘാടന ചിത്രമായ മാരിയുപോളിസ് 2 പ്രദർശിപ്പിച്ചു. ഉക്രൈൻ യുദ്ധത്തിന്റെ സംഘർഷ കാഴ്ചകൾ പകർത്തിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ സംവിധായകൻ മൻതാസ് ക്വെദാരാവിഷ്യസ് യുദ്ധത്തിൽ കൊല്ലപ്പെട്ടിരുന്നു. മരിയുപോൾ എന്ന യുദ്ധകലുഷിതമായ ഉക്രൈൻ നഗരത്തിലെ ജനജീവിതത്തിന്റെ ദുരിതവും സഹനങ്ങളും വരച്ചുകാട്ടുന്നതാണ് ചിത്രം.

44 രാജ്യങ്ങളിൽ നിന്നുള്ള 261 സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. 1200 ലേറെ പ്രതിനിധികളും ചലച്ചിത്രപ്രവർത്തകരായ 250 ഓളം അതിഥികളും പങ്കെടുക്കുന്നു. ലോംഗ് ഡോക്യുമെന്ററി, ഷോർട്ട് ഡോക്യുമെന്ററി, ഷോർട്ട് ഫിക്ഷൻ, കാമ്പസ് ഫിലിംസ് എന്നിവയാണ് മേളയിലെ മത്സര വിഭാഗങ്ങൾ. മത്സര വിഭാഗത്തിൽ 69 ചിത്രങ്ങളാണുള്ളത്. മത്സരേതര വിഭാഗത്തിൽ മലയാളത്തിൽ നിന്നും ഇതര ഭാഷകളിൽ നിന്നുമുള്ള ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര വിഭാഗത്തിൽ 56 ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നു. ബെസ്റ്റ് ഓഫ് ദി വേൾഡ് വിഭാഗത്തിൽ വിവിധ അന്താരാഷ്ട്ര മേളകളിൽ അംഗീകാരങ്ങൾ നേടിയ 19 സിനിമകൾ പ്രദർശിപ്പിക്കും.

ഇന്ത്യൻ വനിതാ സംവിധായകർ ഐ ഫോൺ ഉപയോഗിച്ച് ചിത്രീകരിച്ച സിനിമകളുടെ പാക്കേജ് ആയ ഐ-ടേയ്ൽസ് ആണ് മറ്റൊരു ആകർഷണം.  ആർ.പി അമുദൻ ക്യൂറേറ്റ് ചെയ്ത എൻഡേഞ്ചേഡ് ബട്ട് റെസീല്യന്റ് എന്ന പാക്കേജ്, ഫെർണാണ്ടോ സൊളാനസിന്റെ അവസാന ചിത്രം, തർക്കോവ്‌സ്‌കിയെക്കുറിച്ച് മകൻ സംവിധാനം ചെയ്ത ഡോകുമെന്ററി എന്നിവ മേളയുടെ മാറ്റ് കൂട്ടും.

മികച്ച ലോംഗ് ഡോക്യുമെന്ററിക്ക് രണ്ട് ലക്ഷം രൂപയും ഷോർട്ട് ഡോക്യുമെന്ററിക്ക് ഒരു ലക്ഷം രൂപയുമാണ് സമ്മാനത്തുക. മികച്ച ഹ്രസ്വചിത്രത്തിന് രണ്ട് ലക്ഷം രൂപ ലഭിക്കും. കേരളത്തിൽ നിർമിച്ച മികച്ച ക്യാമ്പസ് ചിത്രത്തിന് അര ലക്ഷമാണ് സമ്മാനം.

മേളയുടെ രജിസ്‌ട്രേഷൻ ഓൺലൈൻ ആയും നേരിട്ടും നടത്താം. ഡെലിഗേറ്റ് പാസിന് 400 രൂപയും വിദ്യാർത്ഥികൾക്ക് 200 രൂപയുമാണ്.

ഉദ്ഘാടന ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ വാസവൻ അധ്യക്ഷത വഹിച്ചു. ഫെസ്റ്റിവെൽ ബുക്ക് ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ കരുണിന് നൽകി മന്ത്രി ആന്റണി രാജു പ്രകാശനം ചെയ്തു. ദിവസേനയുള്ള ബുള്ളറ്റിൻ മേയർ ആര്യ രാജേന്ദ്രന് നൽകി  മന്ത്രി  ജി. ആർ അനിൽ പ്രകാശനം നിർവഹിച്ചു.

സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്, വൈസ് ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി. അജോയ്, നടൻ മധുപാൽ തുടങ്ങിയവർ പങ്കെടുത്തു.



Post Top Ad