ജില്ലാ പഞ്ചായത്തിന്റെ തരിശുരഹിത പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉത്സവം മാലൂർ കൂവക്കരയിൽ നടന്നു. ഉദ്ഘാടനവും ആദ്യവിൽപ്പനയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിർവ്വഹിച്ചു. മാലൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചമ്പാടൻ ജനാർദനൻ ഏറ്റുവാങ്ങി.
തരിശ് രഹിത കൃഷിക്കായി ജില്ലാപഞ്ചായത്ത് 30 ലക്ഷം രൂപ നീക്കിവെച്ചിരുന്നു. പുരളിമല പച്ചക്കറി എ ഗ്രേഡ് ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ ജൈവ രീതിയിലാണ് കൃഷി ചെയ്തത്. കക്കിരി, വെള്ളരി, പൊട്ടിക്ക, പയർ, മുളക്, വെണ്ട തുടങ്ങിയവയാണ് കൃഷിയിടത്തിലുള്ളത്. ആവശ്യക്കാർക്ക് നേരിട്ടെത്തി ഇവിടെ നിന്നും പച്ചക്കറി വാങ്ങാനാകും. ചടങ്ങിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സുധാകരൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ യു പി ശോഭ, വി കെ സുരേഷ് ബാബു, മാലൂർ പഞ്ചായത്ത് പ്രസിഡണ്ട് വി ഹൈമാവതി തുടങ്ങിയവർ സംബന്ധിച്ചു.