മൂന്നാർ: കനത്ത മഴയിൽ മൂന്നാർ – മാട്ടുപ്പെട്ടി റോഡിലെ ഉരുൾപൊട്ടലിൽ വിനോദസഞ്ചാരികളുടെ വാൻ ഒഴുകിപ്പോയി. യുവാവിനെ കാണാതായി. കുണ്ടള പുതുക്കടിയിലായിരുന്നു ഉരുൾപൊട്ടൽ. കോഴിക്കോട് മുത്തപ്പൻകാവ് കല്ലടവീട്ടിൽ രൂപേഷിനു (40) വേണ്ടി തിരച്ചിൽ തുടരുന്നു. താഴ്ചയിലേക്ക് ഒഴുകിപ്പോയ വാൻ തകർന്ന നിലയിലാണ്.
മൂന്നാർ - വട്ടവട റോഡിൽ ഗതാഗതം നിലച്ചു. പുതുക്കടിയിൽ ഓഗസ്റ്റ് ആറിന് ഉരുൾപൊട്ടിയ സ്ഥലത്തിനു 100 മീറ്റർ അകലെയാണ് ഇന്നലത്തെ ഉരുൾപൊട്ടൽ. ടോപ് സ്റ്റേഷൻ സന്ദർശിച്ച ശേഷം മൂന്നു വാനുകളിൽ മടങ്ങുകയായിരുന്നു ഈ സംഘം. മുന്നിലെ വാഹനമാണ് ഒഴുകിപ്പോയത്. വെള്ളവും മണ്ണും കുത്തിയൊഴുകി വരുന്നതു കണ്ട് ഡ്രൈവർ ഉൾപ്പെടെ 11 പേരും പുറത്തിറങ്ങി.
മണ്ണിൽ പുതഞ്ഞ വാൻ തള്ളി മാറ്റുന്നതിനിടയിൽ അകത്തുള്ള മൊബൈൽ ഫോൺ എടുക്കാനാണ് രൂപേഷ് വാഹനത്തിനുള്ളിൽ കയറിയത്. ഈ സമയത്ത് വീണ്ടും വെള്ളപ്പാച്ചിലുണ്ടായി വാൻ താഴേക്ക് ഒലിച്ചുപോയി. മഴയും ഇരുട്ടും മൂലം സന്ധ്യയ്ക്ക് ആറരയോടെ തിരച്ചിൽ നിർത്തി. ഇന്നു രാവിലെ രക്ഷാപ്രവർത്തനം ആരംഭിക്കുമെന്ന് മൂന്നാർ ഡിവൈഎസ്പി കെ.ആർ.മനോജ് പറഞ്ഞു.
എല്ലപ്പെട്ടി വെസ്റ്റ് ഡിവിഷനിലും പ്രധാന റോഡിലേക്ക് മണ്ണിടിഞ്ഞു വീണു. വട്ടവട സൗത്ത് വാർഡിൽ കനത്ത മഴയിൽ മണ്ണിടിഞ്ഞു വീണ് ബാൽരാമൻ, സുരേഷ് എന്നിവരുടെ വീടുകൾ ഭാഗികമായി തകർന്നു. കനത്ത മഴയെയും മണ്ണിടിച്ചിലിനെയും തുടർന്ന് മൂന്നാർ - വട്ടവട റൂട്ടിലെ ഗതാഗതം നിരോധിച്ച് ജില്ലാ കളക്ടർ ഷീബാ ജോർജ്ജ് ഉത്തരവിറക്കി