കണ്ണൂർ: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ ഭാഗമായി വീട് നിർമിക്കാൻ കോർപ്പറേഷൻ 111 പേർക്ക് ആദ്യ ഗഡുവായി 40,000 രൂപ വീതം നൽകി. 'ഒപ്പം കൂടെയുണ്ട് കരുതലോടെ' കാമ്പയിന്റെ ഭാഗമായിട്ടാണ് പി.എം.എ.വൈ.-ലൈഫ് പദ്ധതിയിലുൾപ്പെടുത്തി തുക നൽകിയത്.
മേയർ അഡ്വ. ടി.ഒ.മോഹനൻ ഉദ്ഘാടനം നിർവഹിച്ചു.ഒരുവർഷത്തിനുള്ളിൽ 111 വീടും പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പി.എം.എ.വൈ. പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴുവർഷംകൊണ്ട് 1007 വീടുകൾ പൂർത്തിയാക്കിയിട്ടുണ്ട്.
എൻ.യു.എൽ.എം. കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്കുള്ള 1.10 കോടി രൂപയുടെ ലിങ്കേജ് ലോൺ സബ്സിഡിയുടെ വിതരണം സി.ഡി.എസ്. ചെയർപേഴ്സൺ വി. ജ്യോതിലക്ഷ്മിക്ക് നൽകി മേയർ നിർവഹിച്ചു.
അതിദരിദ്രർക്കുള്ള റേഷൻ കാർഡുകളുടെ വിതരണവും മേയർ നിർവഹിച്ചു. ചടങ്ങിൽ ഡെപ്യൂട്ടി മേയർ കെ. ഷബീന അധ്യക്ഷത വഹിച്ചു.
തൊഴിൽ ലഭിച്ചു
കോർപ്പറേഷൻ പരിധിയിൽ താമസിക്കുന്ന 18-നും 35 ഇടയിൽ പ്രായപരിധിയുള്ള യുവതീയുവാക്കൾക്ക് വിവിധ വിഷയങ്ങളിലെ സൗജന്യ കോഴ്സിലും തുടർന്ന് ലഭിക്കുന്ന പ്ലേസ്മെൻറിലും ചേരുന്നതിനുള്ള രജിസ്ട്രേഷനും നടന്നു.18-നും 60-നും ഇടയിൽ പ്രായമുള്ളവർക്ക് സംരംഭം ആരംഭിക്കുന്നതിനുള്ള സഹായത്തിനുള്ള രജിസ്ട്രേഷനും നടന്നു. വിവിധ കോഴ്സുകൾക്ക് ഇതുവരെയായി 434 പേർ ചേർന്നു. ഇതിൽ 365 പേർക്ക് തൊഴിൽ ലഭിച്ചിട്ടുണ്ട്.
പരിപാടിയിൽ കോർപ്പറേഷൻ സ്റ്റാൻറിങ് കമ്മിറ്റി ചെയർമാൻമാരായ പി.കെ. രാഗേഷ്, പി. ഷമീമ, അഡ്വ. പി. ഇന്ദിര, സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ, കൗൺസിലർമാരായ മുസ്ലീഹ് മഠത്തിൽ, കെ. പ്രദീപൻ, എൻ. ഉഷ, റവന്യൂ ഓഫീസർ ഉണ്ണികൃഷ്ണൻ, സി.ഡി.എസ്. ചെയർപേഴ്സൺ വി. ജ്യോതിലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.