പതിനഞ്ചു വയസുള്ള പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ച ബന്ധുവിന് 12 വർഷം തടവും 40000 രൂപ പിഴയും ശിക്ഷ വിധിച്ച് നെയ്യാറ്റിൻകര ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി. പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ് നിൽക്കുകയായിരുന്ന പെൺകുട്ടിയെ പീഡിപ്പിച്ച സമീപവാസിയും ബന്ധുവുമായ പാച്ചല്ലൂർ വാഴമുട്ടം വട്ടപ്പാറ രാധാ മന്ദിരത്തിൽ ബിനുവിനാണ് (38) കോടതി കടുത്ത ശിക്ഷ വിധിച്ചത്.
നെയ്യാറ്റിൻകര ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ജഡ്ജി കവിതാ ഗംഗാധരന്റേതാണ് വിധി. 2011ലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. മാതാവും സഹോദരനും ജോലിക്കുപോയ സമയത്ത് ഉറങ്ങിക്കിടന്ന പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ച് കയറിയ ബന്ധു പീഡിപ്പിക്കുകയായിരുന്നു.
മാതാവ് തിരികെ വീട്ടിൽ എത്തിയപ്പോഴാണ് പെൺകുട്ടി പീഡന വിവരം പറയുന്നത്. തുടർന്ന് വീട്ടുകാർ തിരുവല്ലം പൊലീസിൽ പരാതി നൽകുകയായിരുന്നു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അജിത് തങ്കയ്യ, അഡ്വ. ഗോപികാ ഗോപാൽ എന്നിവരാണ് കോടതിയിൽ ഹാജരായത്.