ദുബായിൽ അതിഥിയുടെ ഡയമണ്ട് വാച്ച് മോഷ്ടിച്ച് ഹോട്ടൽ സുരക്ഷാ ഉദ്യോഗസ്ഥൻ. ഏഷ്യൻ വംശജനായ സുരക്ഷാ ഉദ്യോഗസ്ഥനാണ് കനേഡിയൻ സ്വദേശിയിൽ നിന്ന് 50,000 ഡോളർ വിലവരുന്ന ഡയമണ്ട് വാച്ച് മോഷ്ടിച്ചത്. ഇയാൾക്ക് കോടതി മൂന്ന് മാസം തടവുശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി കഴിഞ്ഞാൽ ഇയാളെ സ്വന്തം രാജ്യത്തേക്ക് നാടുകടത്തും.കഴിഞ്ഞ വർഷം മെയിലാണ് മോഷണം നടന്നത്. അബോധാവസ്ഥയിലായിരുന്ന അതിഥിയിൽ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥൻ വാച്ച് മോഷ്ടിക്കുകയായിരുന്നു. പിറ്റേന്നാണ് തൻ്റെ വാച്ച് മോഷണം പോയതായി അതിഥി മനസിലകകുന്നത്. തന്നെ മുറിയിലെത്തിച്ചത് രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ ചേർന്നാണെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം ഈ വിവരം ഹോട്ടൽ മാനേജ്മെൻ്റിനെ അറിയിച്ചു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ നിലത്തുവീണ വാച്ച് സുരക്ഷാ ഉദ്യോഗസ്ഥൻ വാച്ച് മോഷ്ടിക്കുന്നതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് ഹോട്ടൽ മാനേജ്മെൻ്റ് വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് സുരക്ഷാ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യുകയും വാച്ച് മുറിയിൽ നിന്ന് കണ്ടെത്തുകയും ചെയ്തു. പണത്തിനു വേണ്ടിയാണ് താൻ വാച്ച് എടുത്തതെന്ന് സുരക്ഷാ ഉദ്യോഗസ്ഥൻ സമ്മതിക്കുകയായിരുന്നു.