കണ്ണൂര്‍: എന്‍സിപി നേതാവായ മുന്‍ എംപിയുടെയും ഡിഎഫ്ഒയുടേയും ഇടപാടുകളിലെ ദുരൂഹത വെളിച്ചത്തു കൊണ്ടുവരണമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്ട്ടിന് ജോര്‍ജ് ആവശ്യപ്പെട്ടു.കണ്ണൂരിലെ സ്വര്‍ണകടത്ത് മാഫിയയുമായും ഭരണകക്ഷിയിലെ ഉന്നതരുമായും എന്‍.സി.പി നേതാവിന്റെ ബന്ധം ഇതിനകം പുറത്തു വന്നിട്ടുണ്ട്.കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ആറളം വന്യജീവി സങ്കേതത്തിലേക്കും തുടര്‍ന്നും എംപിക്ക് യാത്ര ചെയ്യാന്‍ വനം വകുപ്പിന്റെ ഔദ്യോഗിക വാഹനം നല്കിയതും ഐബിയില്‍ താമസിച്ചിരുന്ന എംപിയുടെ പേരുവിവരം രജിസ്റ്ററില്‍ രേഖപ്പെടുത്താതിരുന്നതുമൊക്കെ പല സംശയങ്ങളുമുയര്ത്തുകയാണ്. വനംവകുപ്പിന്റെ വാഹനം സ്വര്ണകടത്തിനുപയോഗിച്ചതായുള്ള സംശയമാണ് ബലപ്പെടുന്നത്. എംപി ഐബിയില്‍ താമസിച്ചപ്പോള്‍ ചില ജ്വല്ലറി ഉടമകളും ഭരണകക്ഷിനേതാക്കളും അവിടെയെത്തിയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വനംവകുപ്പുദ്യോഗസ്ഥ എന്തടിസ്ഥാനത്തിലാണ് ഔദ്യോഗിക വാഹനം എംപിയുടെ സ്വകാര്യ, രഹസ്യ യാത്രകള്‍ക്കു വിട്ടു കൊടുത്തതെന്ന് വ്യക്തമാക്കണം. വധശ്രമകേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായി എംപി സ്ഥാനത്തു നിന്നും അയോഗ്യനായ ശേഷമാണ് ലക്ഷദ്വീപ് എംപിയായിരുന്ന മുഹമ്മദ് ഫൈസലിന്റെ കണ്ണൂരിലെ രഹസ്യഇടപാടുകള്‍ പുറത്തു വരുന്നത്. വനംവകുപ്പിലെ പല ഉദ്യോഗസ്ഥര്‍ക്കും ഇക്കാര്യം നേരത്തേ അറിയാമായിരുന്നെങ്കിലും ഭയം കാരണം പുറത്തു പറഞ്ഞില്ലെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്.ഔദ്യോഗിക സംവിധാനങ്ങളെ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് പോലും ദുരുപയോഗം ചെയ്തുവെന്നത് ഞെട്ടിക്കുന്ന കാര്യമാണ്. കേന്ദ്രഏജന്‍സികള്‍ ഗൗരവമായി ഇക്കാര്യം അന്വേഷിക്കണെന്നും ആരോപണവിധേയയായ വനം വകുപ്പുദ്യോഗസ്ഥയുടെ ഇതിലുള്ള ബന്ധത്തെ പറ്റിയും അവരെ ഇപ്പോഴുള്ള തസ്തികയില്‍ നിന്നു മാറ്റി നിര്‍ത്തി
സത്യസന്ധമായി അന്വേഷിക്കണമെന്നുംഡിസിസി പ്രസിഡന്റ് അഡ്വ.മാര്ട്ടിന് ജോര്‍ജ്ജ് ആവശ്യപ്പെട്ടു.