മലപ്പുറം: ആദിവാസി മേഖലയിലെ ജീവകാരുണ്യ പ്രവർത്തകൻ ഡോ. ഷാനവാസിന്റെ മരണം പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ കൂട്ടായ്മ. മരണത്തിൽ ദുരൂഹതയുണ്ടെന്നും കൃത്യമായ അന്വേഷണത്തിലൂടെ ദുരൂഹത നീക്കണമെന്നുമാണ് മലപ്പുറം ജില്ല വിവരാവകാശ കൂട്ടായ്മയുടെ ആവശ്യം. അന്വേഷണമാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കൂട്ടായ്മ ഭാരവാഹികൾ.
ആദിവാസി മേഖലകളിൽ ആതുര സേവനമുൾപ്പെടെ ജീവകാരുണ്യ പ്രവർത്തനത്തിൽ സജീവമായിരുന്ന ഡോ പി.സി ഷാനവാസ് 2015 ഫെബ്രുവരി 13 നാണ് മരിച്ചത്. കോഴിക്കോട് നിന്ന് മൂന്ന് സുഹൃത്തുക്കളോടൊപ്പം കാറിൽ നിലമ്പൂരിലേക്ക് മടങ്ങുന്നതിനിടെയാണ് മരണം. ആത്മഹത്യയല്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. ശ്വാസനാളത്തിൽ ഭക്ഷണാവശിഷ്ടങ്ങളുള്ളതായും പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് വിവരാവകാശ കൂട്ടായ്മ ഭാരവാഹികൾ ആവശ്യപ്പെടുന്നത്.
അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ ആഭ്യന്തര സെക്രട്ടറിക്ക് മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മ പ്രവർത്തകർ പരാതി നൽകിയിരുന്നു. എന്നാൽ നടപടിയുണ്ടായില്ലെന്നും ഉടൻ ഹൈക്കോടതിയെ സമീപിക്കുമെന്നും വിവരാവകാശ കൂട്ടായ്മ ഭാരവാഹികൾ പറഞ്ഞു.