മഞ്ഞു പെയ്യുന്ന ഹിമാലയ സാനുക്കളിലൂടെ പൃഥ്വിരാജോ ടൊവിനോയോ നായികമാർക്ക് ഒപ്പം ആടിപ്പാടുന്ന രംഗം ഇനി തിരുവനന്തപുരത്തു ചിത്രീകരിക്കാം. അമേരിക്കയിലെ ഏതെങ്കിലും നഗരത്തിലെ ത്രസിപ്പിക്കുന്ന സ്റ്റണ്ട് രംഗങ്ങളും മലയാള ചലച്ചിത്ര പ്രവർത്തകർക്ക് ചിത്രീകരിക്കാൻ യുഎസിൽ പോകണമെന്നില്ല. നേരെ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ എത്തിയാൽ മതി. ചലച്ചിത്ര രംഗത്തെ സാങ്കേതിക വിപ്ലവം മലയാള സിനിമാ പ്രവർത്തകർക്ക് വലിയ സാമ്പത്തിക ബാധ്യത ഇല്ലാതെ വിരൽത്തുമ്പിൽ ലഭ്യമാകാൻ പോകുകയാണ്. സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിൽ തിരുവനന്തപുരത്തെ മനോഹരമായ തിരുവല്ലം കുന്നിലെ ചിത്രാഞ്ജലി സ്റ്റുഡിയോ ലോകോത്തര നിലവാരമുള്ള ഫിലിം സിറ്റി ആയി മാറുന്നതോടെയാണത്. ഇതോടെ കഥകൾക്ക് അനുയോജ്യമായ കൃത്രിമ പശ്ചാത്തലം, അത്യാധുനിക റിക്കാർഡിങ്, ഡോൾബി അറ്റ്മോസ് ശബ്ദ സംവിധാനം, റിമോട്ട് കളറിങ് സിസ്റ്റം, അത്യാധുനിക എഡിറ്റിങ് സിസ്റ്റം എന്നിവയെല്ലാം ഇവിടെ ലഭ്യമാകും. സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന്റെ ഉടമസ്ഥതയിലാണ് ചിത്രാഞ്ജലി സ്റ്റുഡിയോ. പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ.കരുണാണ് ഇപ്പോൾ കോർപറേഷൻ ചെയർമാൻ.
ഇന്ത്യയിലെ ഏറ്റവും വലിയ അത്യാധുനിക റിക്കാർഡിങ് തീയറ്റർ ഇനി തിരുവനന്തപുരത്ത് ആയിരിക്കും. ഇതിന്റെ നിർമാണം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ തുടങ്ങിക്കഴിഞ്ഞു. 150 കോടി രൂപ ചെലവഴിച്ചു തിരുവല്ലത്തു നിർമിക്കുന്ന ഫിലിം സിറ്റിയുടെ ഭാഗമാണ് ഇത്. ഡോൾബി അറ്റ്മോസ് ശബ്ദ സംവിധാനവും 24 ചാനലുമുള്ള റിക്കാർഡിങ് തീയറ്ററാണ് നിർമിക്കുന്നത്. പുറമേ 8കെ സാങ്കേതിക സംവിധാനമുള്ള 3 ഡിജിറ്റൽ കളറിങ് സിസ്റ്റം കൂടി പുതിയതായി സ്ഥാപിക്കുമെന്നും ഷാജി എൻ.കരുൺ പറയുന്നു. ഇത് നിലവിൽ വരുന്നതോടെ സിനിമാ സാങ്കേതിക രംഗത്തു വലിയ വിപ്ലവമായിരിക്കും സംഭവിക്കുകയെന്നും അദ്ദേഹം പറയുന്നു. ഇംഗ്ലണ്ടിലുള്ള കളറിസ്റ്റിന് ഓൺലൈനായി തിരുവനന്തപുരത്തെ ജോലി ചെയ്യാം എന്നതാണ് പ്രത്യേകത. ഇതിനായി റിമോട്ട് കളറിങ് സിസ്റ്റം കൊണ്ടു വരും. റിക്കാർഡിങ് തിയറ്ററും ഇതേ രീതിയിൽ പ്രവർത്തിക്കും. ഹംഗറിയിലെ 100 പേരുള്ള ഓർക്കസ്ട്രയുടെ സംഗീതം ഓൺലൈനായി റിക്കാർഡ് ചെയ്യാൻ പുതിയ സംവിധാനത്തിൽ സാധിക്കുമെന്നും ഷാജി പറയുന്നു. അതിനുള്ള സാങ്കേതിക വൈദഗ്ധ്യവും ഹംഗറിയിലെ ഓർക്കസ്ട്രയെ നിയന്ത്രിക്കാനുള്ള കഴിവും സംഗീത സംവിധായകന് ഉണ്ടാകണമെന്നു മാത്രം.
വലിയ താരങ്ങൾക്കു താമസിക്കാനുള്ള നക്ഷത്ര ഹോട്ടലും ലൈറ്റ് ബോയ് ഉൾപ്പെടെയുള്ളവർക്കായി ഡോർമിറ്ററി ഉൾപ്പെടെയുള്ള വിപുലമായ താമസ സൗകര്യവും നിർമിക്കുന്നുണ്ട്. ചിത്രീകരണത്തിന് എത്തുന്നവർക്ക് അവിടെത്തന്നെ താമസിച്ചു സിനിമ എടുക്കാം. ഇതിന് ആവശ്യമായ കെട്ടിടങ്ങൾ ചലച്ചിത്ര വികസന കോർപറേഷൻ നിർമിക്കും. നടത്തിപ്പ് ചുമതല പ്രഫഷനൽ ഹോട്ടൽ ഗ്രൂപ്പുകൾക്കു കൈമാറാനാണ് ആലോചിക്കുന്നത്. രാത്രിയും പകലും ഇടതടവില്ലാതെ ചിത്രീകരണം നടത്താനുള്ള സൗകര്യം ഫിലിം സിറ്റിയിൽ ഉണ്ടാകും. ഈ സാഹചര്യത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന റസ്റ്ററന്റുകൾ അവിടെ തുടങ്ങും.
ചിത്രാഞ്ജലിയിലെ നക്ഷത്ര ഹോട്ടലിൽ, ഷൂട്ടിങ്ങിന് എത്തുന്ന സിനിമാക്കാർക്കു മാത്രമല്ല താൽപര്യമുള്ള എല്ലാവർക്കും മുറിയെടുത്തു താമസിക്കാം. രാജ്യാന്തര വിമാനത്താവളത്തിനു സമീപമാണ് എന്നതും പ്രകൃതി സൗന്ദര്യവും ഒട്ടേറെ പേരെ ഇവിടേക്ക് ആകർഷിക്കുമെന്നും ഷാജി എൻ.കരുൺ പറയുന്നു. വിനോദ സഞ്ചാരികൾ ഉൾപ്പെടെ തിരുവനന്തപുരം സന്ദർശിക്കുന്ന ഒട്ടേറെ ആളുകൾ ഈ സൗകര്യം ഉപയോഗിക്കുമെന്നാണു പ്രതീക്ഷ. ചലച്ചിത്ര വികസന കോർപറേഷൻ 2025ൽ അരനൂറ്റാണ്ട് പൂർത്തിയാക്കുകയാണ്. കനക ജൂബിലി സമ്മാനമായി മലയാള സിനിമയ്ക്കും മലയാളികൾക്കും ഫിലിം സിറ്റി സമർപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. അതിനുള്ള ഒരുക്കത്തിലാണ് സംസ്ഥാന സർക്കാരും കോർപറേഷനും–ഷാജി എൻ.കരുൺ കൂട്ടിച്ചേർക്കുന്നു.