പയ്യന്നൂർ • റോഡ് നിർമാണത്തിൽ നഷ്ടപരിഹാരമില്ലാതെ സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ ഉടമകൾക്ക് വേണ്ടി കോടതിയിൽ കേസ് ഫയൽ ചെയ്ത അഭിഭാഷകന്റെ വാഹനങ്ങൾ തകർത്തു. കോറോം മുതിയലത്തെ മുരളി പള്ളത്തിന്റെ വാഹനങ്ങളാണ് കഴിഞ്ഞ ദിവസം രാത്രി ഒന്നരയ്ക്ക് വീട്ടുമുറ്റത്ത് വച്ച് തകർത്തത്.സംഭവത്തിൽ 6 പേർക്കെതിരെ പൊലീസ് കേസെടുത്തു. പെരുമ്പ - കാനായി - മണിയറ - മാതമംഗലം റോഡ് നിർമാണത്തിന് ജനങ്ങൾ സ്വമേധയാ സ്ഥലം വിട്ടു നൽകുകയായിരുന്നു. സ്ഥലത്തിന് അർഹമായ നഷ്ടപരിഹാരം ലഭിക്കണമെന്ന് ആവശ്യപ്പെട്ട ഏതാനും പേർക്ക് വേണ്ടി മുരളി കോടതിയിൽ ഹാജരായിരുന്നു. ഞായറാഴ്ച മതിൽ പൊളിക്കുന്നത് തടയാനും കോൺഗ്രസ് പ്രവർത്തകൻ കൂടിയായ മുരളി ശ്രമിച്ചിരുന്നു.ഞായർ രാത്രി 10ന് ഭാര്യയ്ക്കൊപ്പം എറണാകുളത്തേക്ക് പോയ മുരളിയുടെ വീട്ടിൽ മകൻ അഭിരാം മാത്രമേ ഉണ്ടായിരുന്നുള്ളൂ.രാത്രി ശബ്ദം കേട്ട് അഭിരാം വാതിൽ തുറന്നപ്പോൾ കുറച്ച് പേർ ഓടിപോകുന്നതായും കാറും സ്കൂട്ടറും തകർത്തതായും കണ്ടെത്തി. വിവരമറിഞ്ഞ പൊലീസ് സംഭവ സ്ഥലത്തെത്തി. അഭിരാമിന്റെ പരാതിയിൽ പത്മനാഭൻ, രവീന്ദ്രൻ, പ്രസന്നൻ, രാഹുൽ കണ്ടാലറിയാവുന്ന 2 പേർക്കുമെതിരെ പൊലീസ് കേസെടുത്തു.16 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിൽ ഒന്നര മീറ്റർ വീതം സ്ഥലമാണ് ഇരുവശത്തു നിന്നും ഉടമകൾ സ്വമേധയാ വിട്ടുകൊടുത്തത്. ഇങ്ങനെ ഒരു ഏക്കറിലധികം സ്ഥലമാണ് സൗജന്യമായി വിട്ടുകൊടുത്തത്. നാട്ടുകാരുടെ ആവശ്യമനുസരിച്ച് കരാറുകാരൻ സ്ഥലം വിട്ടുകൊടുത്തവർക്ക് മതിൽ നിർമിച്ചു കൊടുക്കുന്നുണ്ട്. റോഡ് നിർമാണം തുടങ്ങിയതോടെ കോറോം വില്ലേജിന്റെ ഒരു ഭാഗത്തു ശുദ്ധജലം ലഭിക്കാതായി. വിവിധ സംഘടനകളാണു ശുദ്ധജലം എത്തിച്ചു നൽകുന്നത്.അതുകൊണ്ട് തന്നെ റോഡ് പണി അനന്തമായി നീണ്ടു പോകാതിരിക്കാൻ നാട്ടുകാരും രംഗത്തുണ്ട്. കാലവർഷത്തിന് മുൻപ് പണി പൂർത്തിയാക്കാൻ നാട്ടുകാർ ശ്രമം നടത്തി വരികയായിരുന്നു. ഈ ഒരവസ്ഥയിലാണു സ്ഥലം വിട്ടു നൽകാത്ത ചിലരുടെ മതിൽ സംഘടിതമായി പൊളിച്ചത്. ഇതിന്റെ പേരിൽ സ്ഥലം ഉടമയുടെ പരാതിയിൽ 100 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. വാഹനം തകർത്ത സംഭവത്തിൽ റോഡ് കമ്മിറ്റിക്കോ സിപിഎമ്മിനോ ബന്ധമില്ലെന്ന് സിപിഎം കോറോം വെസ്റ്റ് ലോക്കൽ കമ്മിറ്റി അറിയിച്ചു.
Tuesday, 28 February 2023
Home
Unlabelled
റോഡിന്റെ പേരിൽ തർക്കം:അഭിഭാഷകന്റെ വാഹനങ്ങൾ തകർത്തു
റോഡിന്റെ പേരിൽ തർക്കം:അഭിഭാഷകന്റെ വാഹനങ്ങൾ തകർത്തു

About Weonelive
We One Kerala