
കോഴിക്കോട്• ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ ലഹരിക്കെണിയിൽ കുരുക്കിയ സംഭവത്തിൽ അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ മുൻപും ലഹരിവിൽപനയ്ക്ക് പിടികൂടിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പിടിയിലായ പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. കേസിൽ രണ്ടാം പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയായിരുന്നു ലഹരി ഇടപാടുകളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറയുന്നു. നിലവിൽ പിടിയിലായത് അവസാനത്തെ കണ്ണി മാത്രമാണ്. ഇതിനു പിന്നിൽ വലിയൊരു റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നുണ്ട്. പിടിയിലായ പ്രതിയുടെ വിശദമായ മൊഴിയെടുത്താൽ ഈ റാക്കറ്റിലേക്ക് എത്താനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.ലഹരിസംഘം തന്നെ കാരിയറായി ഉപയോഗിക്കുകയാണെന്നും ഏഴാം ക്ലാസു മുതൽ എംഡിഎംഎ ഉൾപ്പെടെ ലഹരിവസ്തുക്കൾ ഉപയോഗിക്കാറുണ്ടെന്നും ഒൻപതാം ക്ലാസുകാരി കഴിഞ്ഞ ദിവസമാണ് വെളിപ്പെടുത്തിയത്. റോയൽ ഡ്രഗ്സ് എന്ന ഇൻസ്റ്റഗ്രാം ഐഡി വഴി പരിചയപ്പെട്ടവരാണ് ലഹരിക്കെണിയിലകപ്പെടുത്തിയതെന്നും കുട്ടി വെളിപ്പെടുത്തിയിരുന്നു. സംഭവത്തിൽ മെഡിക്കൽ കോളജ് എസിപിയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അയൽവാസിയായ യുവാവ് പിടിയിലായത്.കൈയിൽ ബ്ലേഡുകൊണ്ട് വരഞ്ഞതു ശ്രദ്ധയിൽപ്പെട്ട മാതാവാണ് കുട്ടിയോട് കാര്യങ്ങൾ തിരക്കിയത്. സംശയം തോന്നിയ മാതാവ് കുട്ടി സ്കൂളിൽ പോവുമ്പോൾ പിന്തുടർന്നു. പല അപരിചിതരുമായും കുട്ടി സംസാരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. പലപ്പോഴും വൈകിട്ട് 6.30ന് പെൺകുട്ടി വീട്ടിൽ നിന്നിറങ്ങിപ്പോയ ശേഷം പതിനൊന്നരയോടെയൊക്കെയാണ് തിരികെയെത്തുന്നത്. ചോദിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാറുണ്ടായിരുന്നില്ല. തുടർന്ന് ഇക്കാര്യം മാതാവ് സ്കൂൾ മാനേജ്മെന്റിനെ അറിയിച്ചു. മൂന്നുവർഷമായി ലഹരിസംഘത്തിന്റെ വലയിലാണ് പെൺകുട്ടി. എംഡിഎംഎ എത്തിക്കാനും കുട്ടിയെ ഉപയോഗിച്ചിട്ടുണ്ട്.ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ടവരാണ് ലഹരി വിൽപനയുടെ കണ്ണിയായി കുട്ടിയെ മാറ്റിയത്. ലഹരിക്കച്ചവടത്തിന്റെ ഗ്രൂപ്പിൽ കുട്ടിയെ ഉൾപ്പെടുത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചൈൽഡ് ലൈനിലും മെഡിക്കൽ കോളജ് എസിപിക്കും പരാതി നൽകിയിരുന്നു. മാതാവും സാമൂഹിക പ്രവർത്തകരും ചേർന്നാണ് പരാതി നൽകിയത്. സ്കൂളിനു സമീപത്ത് ലഹരി ഡീലർമാരെത്തി ലഹരിവസ്തുക്കൾ കൈമാറുന്നുണ്ടെന്ന വിവരവും പെൺകുട്ടി പൊലീസിനു നൽകി. റോയൽ ഡ്രഗ്സ് എന്ന ഇൻസ്റ്റഗ്രാം ഐഡിയെപ്പറ്റിയും ആരൊക്കെയാണ് ഇതിന് പിന്നിലുള്ളതെന്നും പെൺകുട്ടി പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. കുട്ടികളെ കൂടി ഉൾപ്പെടുത്തിക്കൊണ്ടാണ് ഗ്രൂപ്പ് പ്രവർത്തിക്കുന്നത്.