ഷാർജ• ഷാർജ രാജ്യാന്തര വിമാനത്താവളം വിപുലീകരിക്കുന്നു. പ്രതിവർഷം രണ്ടര കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും വിധമാണു വിമാനത്താവള സൗകര്യങ്ങൾ വർധിപ്പിക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾക്കുള്ള ടെണ്ടർ വിളിക്കുന്നത് അവസാനിപ്പിച്ചതായി ഷാർജ വിമാനത്താവള അതോറിറ്റി അറിയിച്ചു. 190 കോടി ദിർഹമിന്റെ വികസന പ്രവർത്തനങ്ങളാണു വിമാനത്താവളവുമായി ബന്ധപ്പെട്ടുണ്ടാവുക.സാമ്പത്തിക, സാങ്കേതിക മേഖലകളിലുള്ള നവീകരണത്തിന് അതോറിറ്റി വിദഗ്ധ കമ്പനികളിൽ നിന്നു ടെണ്ടർ വിളിച്ചിരുന്നു. രാജ്യാന്തര നിർമാണ കമ്പനിയിൽ നിന്നു കിട്ടിയ നിർമാണ കരാറുകൾ അതോറിറ്റി പഠന വിധേയമാക്കുകയാണ്. അതിനാൽ ഇനി കമ്പനികൾ കരാറുകൾ സമർപ്പിക്കേണ്ടതില്ലെന്നു ഷാർജ വിമാനത്താവള അതോറിറ്റി മേധാവി അലി സാലിം അൽമിദഫ്അ അറിയിച്ചു.ലഭിച്ച കരാറുകൾക്ക് രണ്ടു മാസത്തിനകം അംഗീകാരം നൽകും. മൂന്നു വർഷം വരെ നീണ്ടു നിൽക്കുന്നതായിരിക്കും വികസന പ്രവർത്തനങ്ങളെന്ന് അലി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിശദാംശങ്ങൾ അടുത്ത ആഴ്ചകളിലുണ്ടാകും. പ്രതിവർഷംരണ്ടര കോടി യാത്രക്കാർക്ക് ആഗമന നിർഗമനത്തിനു സാധിക്കുന്ന വിധത്തിലാണു വിമാനത്താവളം രുപം മാറുക. നിലവിൽ 80 ലക്ഷം ആളുകളുടെ പ്രതിവർഷ യാത്രാ സൗകര്യമാണു ഷാർജ വിമാനത്താവളത്തിനുള്ളതെങ്കിലും 1.3 കോടി യാത്രക്കാർ പ്രയോജനപ്പെടുത്തുന്നതായി അലി പറഞ്ഞു.വിമാനത്താവളത്തിന്റെ സൗകര്യങ്ങൾക്കപ്പുറമായി 50 ലക്ഷം പേർ അധികമെത്തുന്ന സാഹചര്യമുണ്ട്. എയർപോട്ട് ആഗമന നിർമന ലോഞ്ചുകളെല്ലാം വിപുലീകരിക്കുന്നതാണു പുതിയ നിർമാണ പദ്ധതി. വിമാനത്താവളത്തിന്റെ കിഴക്ക് ഭാഗം വിപുലീകരിക്കുന്നതോടൊപ്പം നാലു പുതിയ കവാടങ്ങൾ കൂടി യാത്രക്കാർക്കായി സ്ഥാപിക്കും. വിമാനങ്ങൾക്ക് 12 പാർക്കിങ് ലോട്ടുകൾ നിർമാണത്തിലാണ്. ജൂണിൽ ഇതു പ്രവർത്തന സജ്ജമാകുമെന്നും അലി മിദഫഅ വെളിപ്പെടുത്തി. വിമാനത്താവള വിപുലീകരണം പൂർത്തിയാകുന്നതോടെ കാർഗോ വിമാനങ്ങളുടെ സർവീസും കൂടുമെന്നാണ് അതോറിറ്റിയുടെ അറിയിപ്പ്.2022 ൽ 1.70 ലക്ഷം ടൺ ചരക്കുനീക്കമാണ് നടന്നത്. കൂടതെ 1.3 കോടി പേരും ഷാർജ വിമാനത്താവളത്തിലൂടെ കഴിഞ്ഞ വർഷം യാത്ര ചെയ്തു. മലയാളികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഗൾഫിലെ പ്രധാന വിമാനത്താവളങ്ങളിലൊന്നാണു ഷാർജ രാജ്യാന്തര വിമാനത്താവളം.
Friday, 17 March 2023
Home
Unlabelled
ഷാർജ രാജ്യാന്തര വിമാനത്താവളം വിപുലീകരിക്കുന്നു; പ്രതിവർഷം 2.5 കോടി യാത്രക്കാരെ ഉൾക്കൊള്ളും
ഷാർജ രാജ്യാന്തര വിമാനത്താവളം വിപുലീകരിക്കുന്നു; പ്രതിവർഷം 2.5 കോടി യാത്രക്കാരെ ഉൾക്കൊള്ളും

About Weonelive
We One Kerala