കൊച്ചി • വായുവിലെ രാസമലിനീകരണത്തോത് വർധിച്ചതോടെ ഈ വർഷത്തെ ആദ്യ വേനൽമഴയിൽ രാസപദാർഥങ്ങളുടെ അളവ് വളരെ കൂടുതലായിരിക്കുമെന്ന് ഉറപ്പായി. 2022 ഓഗസ്റ്റ് മുതലാണ് കൊച്ചിയിലെ വായുവിന്റെ ഗുണനിലവാരം കുറഞ്ഞതെന്നു കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസിബി) വായു ഗുണനിലവാര സൂചിക വ്യക്തമാക്കുന്നു. ഡിസംബറിനു ശേഷം വളരെ മോശമായി.,രാസബാഷ്പ സൂക്ഷ്മകണികകളുടെ അളവ് 300 പോയിന്റ് (ലോകാരോഗ്യ സംഘടന അനുവദിച്ച അളവ് 50 പോയിന്റ്) കടന്നു നിൽക്കുമ്പോഴാണു ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ തീപിടിത്തമുണ്ടായത്. ഇതോടെ കൊച്ചി വറചട്ടിയിൽനിന്ന് എരിതീയിലേക്കു വീണു. വായുവിലെ രാസമലിനീകരണം ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിലേക്കും വ്യാപിച്ചു.ബ്രഹ്മപുരം തീപിടിത്തത്തിനു ശേഷം രാസബാഷ്പ കണികകൾക്കു പുറമേ സൾഫേറ്റ്, നൈട്രേറ്റ്, ക്ലോറൈഡ്, കാർബൺ എന്നിവയുടെ സാന്നിധ്യം കൂടുതലുള്ള പിഎം10 കരിമാലിന്യത്തിന്റെ അളവും വർധിച്ചു. അന്തരീക്ഷത്തിലെ നൈട്രജൻ ഡയോക്സൈഡ് (NO2), സൾഫർ ഡയോക്സൈഡ് (SO2) എന്നിവയുടെ അളവും വർധിക്കുന്നതായി സിപിസിബി രാസമാപിനികൾ നൽകുന്ന ഡേറ്റയിലുണ്ട്. ഇതോടെ ആദ്യ വേനൽമഴയിൽ സൾഫ്യൂറിക് ആസിഡ്, നൈട്രിക് ആസിഡ് എന്നിവയുടെ അളവു വർധിക്കാൻ സാധ്യതയുണ്ടെന്നു പരിസ്ഥിതിശാസ്ത്രജ്ഞർ മുന്നറിയിപ്പു നൽകുന്നു.ആദ്യ വേനൽമഴയിലെ അമ്ലസാന്നിധ്യം ജീവജാലങ്ങളെയും കൃഷിയെയും പ്രതികൂലമായി ബാധിക്കാൻ സാധ്യത കൂടുതലാണ്. എറണാകുളത്തെയും സമീപ ജില്ലകളിലെയും ശുദ്ധജല സ്രോതസ്സുകളെയും ജലാശയങ്ങളിലെ മത്സ്യസമ്പത്തിനെയും പുതുമഴ പ്രതികൂലമായി ബാധിച്ചേക്കാം. ജാഗ്രത പുലർത്തിയില്ലെങ്കിൽ മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും തൊലിപ്പുറത്ത് തടിപ്പും ചൊറിച്ചിലും അടക്കമുള്ള ത്വക്‌രോഗങ്ങൾക്കു സാധ്യതയുണ്ടെന്നും പരിസ്ഥിതി ശാസ്ത്രജ്ഞർ പറയുന്നു.
Monday, 13 March 2023
Home
Unlabelled
വായുവിലെ രാസമലിനീകരണം കൂടി; ‘ആസിഡ് മഴ’യ്ക്ക് സാധ്യത: 4 ജില്ലകളിൽ ജാഗ്രത
വായുവിലെ രാസമലിനീകരണം കൂടി; ‘ആസിഡ് മഴ’യ്ക്ക് സാധ്യത: 4 ജില്ലകളിൽ ജാഗ്രത

About Weonelive
We One Kerala