യൂറോപ്പ ലീഗിൽ ഇന്ന് പ്രീ ക്വാർട്ടർ രണ്ടാം പാദ മത്സരങ്ങൾ അരങ്ങേറും. യൂറോപ്പിലെ മുൻ നിര ക്ലബ്ബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്സണൽ, യുവന്റസ് എന്നിവർക്ക് ഇന്ന് മത്സരങ്ങളുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരാളികൾ സ്പാനിഷ് ക്ലബായ റയൽ ബെറ്റിസാണ്. സ്പെയിനിലെ സെവിയ്യയിൽ ബെറ്റിസിന്റെ ഹോം മൈതാനത്ത് ഇന്ത്യൻ സമയം ഇന്ന് രാത്രി 11:15 നാണ് മത്സരം. ആദ്യപാദത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് യുണൈറ്റഡ് വിജയിച്ചു. യുവതാരം ഗാർനചോവിന് പരുക്കേറ്റത് യുണൈറ്റഡിന് തിരിച്ചടിയാണ്. ആന്റണിയും ഇന്നത്തെ മത്സരം കളിക്കില്ല.ഇംഗ്ലീഷ് ലീഗിൽ ആധിപത്യം തുടരുന്ന ആഴ്‌സണലിന് യൂറോപ്പിലും മികവും തുടരാൻ ഇന്നത്തെ മത്സരം നിർണായകമാണ്. പോർച്ചുഗൽ ക്ലബ് സ്പോർട്ടിങ്ങിനെതിരെ പ്രീ ക്വാർട്ടറിലെ ആദ്യ പാദ മത്സരം സമനിലയിലായിരുന്നു. ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടിയിരുന്നു. ഇന്ന് സ്വന്തം മൈതാനത്ത് നടക്കുന്ന മത്സരത്തിൽ വിജയത്തിൽ കുറഞ്ഞതൊന്നും ആഴ്‌സണൽ ആഗ്രഹിക്കുന്നില്ല.സകയും മാറിനെല്ലിയും ഒഡേഗാറും അടങ്ങുന്ന മുന്നേറ്റ നിരയായിരിക്കും ഇന്നും ആഴ്സണലിന്റെ ആക്രമണങ്ങൾക്ക് നേതൃത്വം നൽകുക. ഇന്ന് രാത്രി 1:30നാണ് മത്സരം.