തളിപ്പറമ്പ്• സ്വപ്നയ്ക്കും വിജേഷ് പിള്ളയ്ക്കും എതിരെ സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ.സന്തോഷിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. മാർച്ച് 9നു ഫെയ്സ്ബുക് ലൈവിലൂടെ സ്വപ്ന സുരേഷ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് പൊതുജന മധ്യത്തിൽ അപമാനിച്ചെന്നാണു പരാതി. 2ാം പ്രതിയായ വിജേഷ് പിള്ള സ്വപ്നയെ സമീപിച്ച് മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണങ്ങൾ പിൻവലിച്ചാൽ 30 കോടി രൂപ നൽകാമെന്ന് എം.വി.ഗോവിന്ദൻ അറിയിച്ചിട്ടുണ്ടെന്നും ആരോപണങ്ങൾ പിൻവലിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും പറഞ്ഞതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഈ ആരോപണങ്ങൾ തെറ്റാണെന്ന് ചൂണ്ടിക്കാട്ടി എം.വി.ഗോവിന്ദൻ ഇവർക്കെതിരെ മാനനഷ്ടത്തിന് വക്കീൽ നോട്ടിസ് അയച്ചിട്ടുണ്ട്.സ്വപ്നയുടെയും വിജേഷ് പിള്ളയുടെയും നടപടികൾ സംശയാസ്പദമാണ്. മുഖ്യമന്ത്രി പിണറായി വിജയനും എം.വി.ഗോവിന്ദനും എതിരെ ഇത്തരത്തിൽ ആരോപണമുന്നയിക്കാൻ സാമൂഹിക വിരുദ്ധ ശക്തികളുടെ വൻ ഗൂഢാലോചന നടന്നിട്ടുണ്ട്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മുൻ മന്ത്രിമാർക്കും എതിരെ സ്വപ്ന തുടർച്ചയായി അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ടിരിക്കുകയാണ്. ഇത് പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രീയ ആയുധമാക്കി ഉപയോഗിച്ചതിന്റെ ഫലമായി വലിയ തോതിൽ കലാപങ്ങൾ സംസ്ഥാനത്ത് ഉണ്ടായി. 745 കേസുകൾ ഇതിന്റെ ഭാഗമായി റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഫെയ്സ്ബുക് ലൈവിലെ ആരോപണങ്ങൾ മുഖ്യമന്ത്രിക്കും എം.വി.ഗോവിന്ദനും പൊതുസമൂഹത്തിൽ അവമതിപ്പ് ഉണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ രാഷ്ട്രീയ ഗൂഢാലോചന, കലാപാഹ്വാനം, വ്യാജരേഖ ചമയ്ക്കൽ, സമൂഹത്തിൽ അവമതിപ്പ് ഉണ്ടാക്കൽ എന്നീ വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്നായിരുന്നു പരാതി. ഈ വകുപ്പുകൾ ചുമത്തിയാണു കേസെടുത്തത്. സ്വപ്നയുടെ ഫെയ്സ്ബുക് ലൈവിന്റെ പെൻഡ്രൈവിലുള്ള പകർപ്പ് സഹിതമായിരുന്നു പരാതി.
Friday, 17 March 2023
Home
Unlabelled
സ്വപ്നയ്‌ക്കെതിരെ കേസെടുത്ത് തളിപ്പറമ്പ് പൊലീസ്; വിജേഷിനെതിരെയും കേസ്
സ്വപ്നയ്‌ക്കെതിരെ കേസെടുത്ത് തളിപ്പറമ്പ് പൊലീസ്; വിജേഷിനെതിരെയും കേസ്

About Weonelive
We One Kerala