ആലപ്പുഴ • റോഡ് നിർമാണത്തിനു പ്ലാസ്റ്റിക് ഉപയോഗിക്കാമെന്ന നിർദേശം സംസ്ഥാനത്തെ ദേശീയപാതാ നവീകരണത്തിൽ ഫലപ്രദമായേക്കില്ല. സംസ്ഥാനത്തു ലഭ്യമായ പ്ലാസ്റ്റിക് മാലിന്യത്തിൽ റോഡ് നിർമാണത്തിന് ഉപയോഗിക്കാവുന്ന പോളി എത്തിലിന്റെ അളവു തീരെ കുറവാണ് എന്നതാണു പ്രധാന കാരണം. ഉള്ളതാകട്ടെ, വേണ്ടവിധം ശേഖരിച്ച് സംസ്കരിച്ചു ലഭ്യമാക്കാത്തതിനാൽ ഉപയോഗിക്കാനുമാകുന്നില്ല.ദേശീയപാതയുടെ സർവീസ് റോഡ് നിർമാണത്തിനു പ്ലാസ്റ്റിക് മാലിന്യം ഉപയോഗപ്പെടുത്തണമെന്നു കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം നിർദേശിച്ചിരുന്നു. ദേശീയപാത അതോറിറ്റി തിരുവനന്തപുരം ബൈപാസ് നിർമാണത്തിനു പ്ലാസ്റ്റിക് ഉപയോഗിച്ചിരുന്നെങ്കിലും നിലവാരമില്ലാത്ത പ്ലാസ്റ്റിക് ഉപയോഗിക്കേണ്ടി വന്നതു കാരണം റോഡിനു പ്രതീക്ഷിച്ച ഗുണം കിട്ടിയില്ല.റോഡ് നിർമാണത്തിനുള്ള ബിറ്റുമിൻ മിശ്രിതവും പ്ലാസ്റ്റിക്കും പ്ലാന്റിൽ വച്ചു യോജിപ്പിക്കുന്നത് പ്ലാന്റ് തകരാനും ഇടയാക്കും. പകരം റിഫൈനറിയിൽ വച്ചുതന്നെ ടാർ മിശ്രിതവുമായി പ്ലാസ്റ്റിക് കലർത്തണമെന്നാണു റോഡ് നിർമാതാക്കളുടെ ആവശ്യം. റോഡ് നിർമാണത്തിനു റബർ ഉപയോഗിക്കുമ്പോൾ ബിറ്റുമിനൊപ്പം റബറും റിഫൈനറിയിൽ വച്ചുതന്നെ സംയോജിപ്പിക്കാറുണ്ട്.റോഡ് നിർമാണത്തിനു പ്ലാസ്റ്റിക് ഉപയോഗിക്കണമെന്നു മുൻപേ നിർദേശമുണ്ടെങ്കിലും കർശനമായും ഉപയോഗിക്കണമെന്ന നിർദേശം അടുത്തിടെയാണു പുറത്തിറങ്ങിയത്. ദേശീയപാതകളും അവയുടെ സർവീസ്, സ്ലിപ് റോഡുകളും ഉൾപ്പെടെ കേന്ദ്ര ഫണ്ട് ഉപയോഗിക്കുന്ന എല്ലാ റോഡുകളിലും നവീകരണ ജോലികൾ നടത്തുമ്പോൾ പ്ലാസ്റ്റിക് മാലിന്യം കലർത്തിയ ബിറ്റുമിൻ (ടാർ) നിർബന്ധമായും ഉപയോഗിക്കണമെന്നാണ് റോഡ് ഗതാഗത മന്ത്രാലയം ഉത്തരവിറക്കിയത്. 5 ലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ള നഗരപ്രദേശങ്ങളുടെ 50 കിലോമീറ്റർ ചുറ്റളവിൽ നിർമിക്കുന്ന റോഡുകൾ സംബന്ധിച്ചാണ് ഈ നിർദേശം.