കോഴിക്കോട്: താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി ഷാഫിയെ വടകര എസ് പി ഓഫീസിൽ എത്തിച്ചു. വൈദ്യപരിശോധനക്ക് ശേഷം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷമാകും ഷാഫിയെ ബന്ധുക്കളോടൊപ്പം പോകാൻ അനുവദിക്കുക. ഇന്ന് രാവിലെയോടെ മംഗലാപുരത്തിന് സമീപത്തു നിന്നാണ് ഷാഫിയെ കണ്ടെത്തിയത്. അപ്പോൾ തന്നെ ഷാഫിയേയും കൊണ്ട് പൊലീസ് കേരളത്തിലേക്ക് തിരിക്കുകയായിരുന്നു.ഏപ്രിൽ ഏഴിനാണ് വീട്ടിലെത്തിയ ഒരു സംഘം തോക്കുചൂണ്ടി ഷാഫിയെയും ഭാര്യയേയും കാറിൽ കയറ്റിക്കൊണ്ടുപോയത്. കുറച്ചുകഴിഞ്ഞ് ഭാര്യ സനയെ ഇറക്കിവിടുകയും ഷാഫിയുമായി പോവുകയുമായിരുന്നു. പിന്നീട് ഇയാൾ എവിടെയാണെന്നതിനെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. തുടർന്ന് ഷാഫിയുടെ ഫോൺ കരിപ്പൂർ വിമാനത്താവളത്തിനടുത്ത് നിന്നും കിട്ടിയിരുന്നു. എന്നാൽ ഇത് തെറ്റിദ്ധരിപ്പിക്കാനായി സംഘം ഇട്ടതാണെന്ന് വ്യക്തമായിരുന്നു.തുടർന്നും അന്വേഷണം നടക്കുന്നതിനിടെ, ഒരു വീഡിയോ സന്ദേശം പുറത്തുവന്നിരുന്നു. താനും സഹോദരനും ചേർന്ന് ഗൾഫിൽ നിന്ന് 325 കിലോ സ്വർണം കൊണ്ടുവന്നെന്നും ഇതിന്റെ പേരിലാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്നും വീഡിയോയിൽ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ വീഡിയോയുടെ സ്രോതസ് സംബന്ധിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കുന്നതിനിടെ, രണ്ടാമത്തെ വീഡിയോ സന്ദേശവും പുറത്തുവന്നു.സഹോദരൻ നൗഫലാണ് തട്ടിക്കൊണ്ടുപോകലിന് പിറകിലെന്നായിരുന്നു ഈ വീഡിയോയിൽ ഇയാൾ പറഞ്ഞിരുന്നത്. ഇസ്ലാം മതവിശ്വാസപ്രകാരം പെൺകുട്ടികളുള്ളവർ മരിച്ചാൽ സ്വത്ത് മുഴുവൻ സഹോദരന് ലഭിക്കുമെന്നും ഇതിനുവേണ്ടി സഹോദരൻ തന്നെ കൊല്ലാൻ ശ്രമിക്കുകയാണെന്നുമാണ് ഷാഫി ആരോപിച്ചത്. എന്നാലിത് കുടുംബവും പൊലീസും തള്ളിയിരുന്നു. അന്വേഷണം വഴിതിരിച്ചുവിടാനാണ് ഈ നീക്കമെന്നായിരുന്നു പൊലീസ് നിഗമനം. തുടർന്നും പൊലീസ് അന്വേഷണം ഊർജിതമാക്കി.കാസർകോട് കേന്ദ്രീകരിച്ചുള്ള സംഘമാണ് തട്ടിക്കൊണ്ടുപോവലിന് പിന്നിലെന്നും ഇവർ ഷാഫിയുമായി കർണാടകയിലാണ് ഉള്ളതെന്നും പൊലീസിന് സൂചന ലഭിച്ചിരുന്നു. തുടർന്ന് കർണാടകയിൽ പൊലീസ് തെരച്ചിൽ നടത്തിവരികയുമായിരുന്നു. ഇതിനിടെ, കേസിൽ ഇന്നലെ നാല് പേരെ കസ്റ്റഡിയിലെടുക്കുകയും ഇന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
Monday, 17 April 2023
Home
Unlabelled
തട്ടിക്കൊണ്ടുപോയ പ്രവാസി ഷാഫിയെ വടകര എത്തിച്ചു
തട്ടിക്കൊണ്ടുപോയ പ്രവാസി ഷാഫിയെ വടകര എത്തിച്ചു

About Weonelive
We One Kerala