മലപ്പുറം: മലപ്പുറം എടവണ്ണയിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മരിച്ച റിദാൻ ബാസിത്തിനൊപ്പം സംഭവ ദിവസം രാത്രി ഉണ്ടായിരുന്ന ഷാൻ മുഹമ്മദ് ആണ് അറസ്റ്റിൽ ആയത്. വെടി വെക്കാൻ ഉപയോഗിച്ച തോക്ക് ഉൾപ്പെടെ കണ്ടെത്താൻ ഇന്ന് തെളിവെടുപ്പ് നടക്കും. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കില്ലെന്നു വിവരം. എടവണ്ണയിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ റിദാൻ ബാസിത്തിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ശരീരത്തിൽ മൂന്നിടത്ത് വെടിയേറ്റ പാടുകൾ കണ്ടെത്തി. നെഞ്ചിലടക്കം മൂന്നിടത്താണ് വെടിയേറ്റത്. തലക്ക് പിന്നിൽ അടിയേറ്റുണ്ടായ പരിക്കും കണ്ടെത്തി. ശരീരത്തിൽ മുറിവുകളും വസ്ത്രത്തിൽ രക്തപ്പാടുകളുമുണ്ടായിരുന്നു. എടവണ്ണ ചെമ്പകുത്ത് മലയിലെ ആളൊഴിഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.യുവാവിന്റേത് കൊലപാതകമെന്ന് പൊലീസ് പ്രാഥമികനിഗമനത്തിലെത്തിയിരുന്നു. ലഹരിമരുന്ന് സംഘങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. യുവാവിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ തിരച്ചിൽ നടത്തിയിരുന്നു. യുവാവ് നേരത്തെ ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസില്‍ പിടിയിലായിരുന്നു. ലഹരിമരുന്ന് സംഘങ്ങളെയും സ്വര്‍ണ്ണക്കടത്ത് സംഘത്തെ കേന്ദ്രീകരിച്ചുമാണ് പൊലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോയത്.