കണ്ണൂരില്‍ മുന്നറിയിപ്പില്ലാതെ സ്വകാര്യ ധനകാര്യ സ്ഥാപനം പൂട്ടിയതോടെ നിക്ഷേപകര്‍ ആശങ്കയില്‍. ബത്തേരി ആസ്ഥാനമായി പ്രവര്‍ത്തിച്ചു പോന്ന ധനകോടി ചിറ്റ്സിന്‍റെ തളാപ്പ് ശാഖയാണ് പൂട്ടിയത്. നിക്ഷേപകര്‍ ഇന്നലെ സ്ഥാപനത്തിലെത്തിയപ്പോള്‍ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ സ്ഥാപനം തുറന്ന് പ്രവര്‍ത്തിക്കില്ലെന്ന നോട്ടീസാണ് കണ്ടത്. ചിട്ടിക്കമ്പനിയുമായി ബന്ധപ്പെട്ടവരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്ന് നിക്ഷേപകര്‍ പറഞ്ഞു.
ചിട്ടിയില്‍ ചേര്‍ന്നവര്‍ക്ക് കാലാവധി കഴിഞ്ഞിട്ടും പണം തിരിച്ചു നല്‍കാന്‍ കമ്പനി ഉടമകള്‍ക്ക് കഴിയാത്ത സാഹചര്യത്തില്‍ ജീവനക്കാര്‍ സമരം നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് കമ്പനി ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതു വരെ തുറന്ന് പ്രവര്‍ത്തിക്കില്ലെന്ന നോട്ടീസ് പ്രത്യക്ഷപ്പെട്ടത്. മുഖ്യശാഖയുള്‍പ്പെടെ സംസ്ഥാനത്തൊട്ടാകെ 23 ബ്രാഞ്ചുകളാണ് കമ്പനിക്കുള്ളുത്. എല്ലായിടത്തെയും ബ്രാഞ്ചുകള്‍ അടച്ചിട്ടിരിക്കുകയാണ്.