ചെക്ക് മടങ്ങിയതിന് പ്രതികാരമായി സ്വകാര്യ ബാങ്കിന്‍റെ എടിഎം കൗണ്ടറിലേക്ക് യുവാവ് ബോംബെറിഞ്ഞു. പത്തനംതിട്ട ആങ്ങമൂഴി സ്വദേശി രജീഷ് പ്രകാശാണ് പിടിയിലായത്. ചൊവ്വാഴ്‌ച പകൽ12.30 ഓടെയാണ് പാട്ടുരായ്‌ക്കലിൽ ഇസാഫ് സ്‌മാൾ ബാങ്കിന്റെ എടിഎം കൗണ്ടറിലേക്ക് രജീഷ് സ്ഫോടക വസ്‌തു എറിഞ്ഞത്. കൗണ്ടറിൽ ആളുകളില്ലാതിരുന്നതിനാൽ അപകടം ഒഴിവായി.ഉഗ്രശബ്‌ദം കേട്ട് സമീപത്തെ ബാങ്കിൽ നിന്നടക്കം ആളുകൾ പുറത്തേക്കിറങ്ങിയോടി. പിന്നീടാണ് എടിഎം കൗണ്ടറിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. രജീഷിന്‍റെ ഇസാഫ് ബാങ്ക് അക്കൗണ്ടിൽനിന്നും 1700 രൂപ ബാങ്ക് പിടിച്ചത് സംബന്ധിച്ച തർക്കമാണ് ബോംബേറിൽ കലാശിച്ചത്. ചൊവ്വാഴ്‌ച ഇതുസംബന്ധിച്ച് ബാങ്കിലെത്തി ഉദ്യോഗസ്ഥരുമായി വാക്ക് തർക്കത്തിലായിരുന്നു. മറ്റൊരു ധനകാര്യ സ്ഥാപനവുമായുള്ള ഇടപാടിൽ കാശില്ലാതെ ചെക്ക് മടങ്ങിയതിനെത്തുടർന്നാണ് തുക അക്കൗണ്ടിൽനിന്ന് നഷ്‌ടപ്പെട്ടത്.ഇക്കാര്യം ഇയാളോട് പറഞ്ഞെങ്കിലും രോഷാകുലനായി ജീവനക്കാരോട് കയർക്കുകയായിരുന്നുവത്രേ. ഇയാൾ എടിഎമ്മിനകത്ത് കയറി പുറത്തിറങ്ങിനിന്നശേഷം, സ്‌ഫോടകവസ്‌തു അകത്തേക്ക് എറിയുകയും ഉടൻ പൊട്ടിത്തെറിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.