സാഫ് കപ്പിൽ ആദ്യ മത്സരത്തിനായി ഇന്ത്യ ഇന്ന് ഇറങ്ങുന്നു. ഫിഫ റാങ്കിങ്ങിൽ 195-ാം സ്ഥാനത്തുള്ള പാകിസ്താനാണ് എതിരാളികൾ. ഇന്ത്യയാകട്ടെ, ഫിഫ റാങ്കിങ്ങിൽ 98-ാം സ്ഥാനത്തുമാണ്. ഇന്ന് രാത്രി 07:30 ന് കർണാടക ബാംഗ്ലൂരിലെ ശ്രീ കണ്ടീരവ സ്റ്റേഡിയത്തിലാണ് മത്സരം. ഫാൻകോഡ് ആപ്പിൽ മത്സരം തത്സമയം ലഭ്യമാകും.ലെബനനെ പരാജയപ്പെടുത്തി ഈ മാസം അവസാനിച്ച ഇന്റർകോണ്ടിനന്റൽ കപ്പ് ഉയർത്തിയ ഇന്ത്യ മികച്ച ഫോമിലാണ്. കഴിഞ്ഞ ആറ് മത്സരങ്ങളിലും ഇന്ത്യ തോൽവിയറിയാതെ കുതിക്കുകയാണ്. ആറ് മത്സരങ്ങളിലും ഇന്ത്യ ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ല. ചരിത്രത്തിലെ ഒൻപതാമത്തെ സാഫ് കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇന്ന് ഇറങ്ങുക. കൂടാതെ, ഈ വർഷം നടക്കാനിരിക്കുന്ന ഏഷ്യൻ കപ്പിൽ പങ്കെടുക്കുന്നതിന് മുന്നോടിയായായുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് ടീം ഈ ടൂർണമെന്റ് കണക്കാക്കുക.