സംസ്ഥാനത്ത് പകര്‍ച്ച പനിയും പനി മരണങ്ങള്‍ വര്‍ധിക്കുന്നതില്‍ സര്‍ക്കാരിന്റെ കാര്യക്ഷമമായ ഇടപെടല്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്ത് നല്‍കി.പകര്‍ച്ച പനി വ്യാപകമാകുന്നതും പനി മരണങ്ങള്‍ കൂടുന്നതും കടുത്ത ആശങ്ക ഉയര്‍ത്തുന്നതാണ്. സംസ്ഥാനത്തെ പ്രതിദിന പനി ബാധിതരുടെ എണ്ണം 13,000 മായി ഉയര്‍ന്നിരിക്കുകയാണ്. ഡങ്കിപ്പനി, എലിപ്പനി മരണങ്ങള്‍ വര്‍ധിക്കുന്നതും പൊതുജനങ്ങളില്‍ ഭീതിയുളവാക്കിയിട്ടുണ്ട്.
കാലവര്‍ഷം സജീവമാകുന്നതിന് മുന്‍പ് തന്നെ പനി മരണങ്ങള്‍ ക്രമാതീതമായി വര്‍ധിക്കുന്നത് പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. പ്രത്യേകിച്ച് മലയോര പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ഡങ്കിപ്പനി, എലിപ്പനി മരണങ്ങള്‍ കൂടുന്നത് പരിശോധിച്ച് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു.