വിമാനത്തിന്റെ സാങ്കേതിക തകരാര്‍ മൂലം നിശ്ചയിച്ച സമയത്ത് മടങ്ങാന്‍ കഴിയാതെ രാജ്യത്ത് തുടര്‍ന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കാനഡയിലേക്ക് യാത്ര തിരിച്ചു. വിമാനത്തിന്റെ സാങ്കേതിക തകരാറുകള്‍ പരിഹരിച്ചതിന് പിന്നാലെ എല്ലാവിധ സുരക്ഷാ പരിശോധനകളും പൂര്‍ത്തിയാക്കിയ ശേഷമാണ് ട്രൂഡോ സ്വരാജ്യത്തേക്ക് മടങ്ങിയത്. ഡല്‍ഹിയില്‍ നടന്ന ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാനായാണ് ട്രൂഡോ ഇന്ത്യയില്‍ എത്തിയിരുന്നത്. പ്രധാനമന്ത്രിയ്ക്ക് മടങ്ങാനായി കാനഡയില്‍ നിന്ന് സൈനിക വിമാനം എത്താനിരിക്കെയാണ് ട്രൂഡോയുടെ വിമാനത്തിന്റെ തകരാര്‍ പരിഹരിക്കപ്പെത്. ഖലിസ്താന്‍ വാദികളെ പിന്തുണയ്ക്കുന്ന കനേഡിയന്‍ നയത്തെ ഇന്ത്യ കഠിനമായി വിമര്‍ശിച്ചതിന് പിന്നാലെ ഇന്ത്യയില്‍ ട്രൂഡോയ്ക്ക് അവഗണനയെന്ന സോഷ്യല്‍ മീഡിയ വാദങ്ങള്‍ ശക്തമാകുന്നതിനിടെയാണ് ട്രൂഡോയുടെ വിമാനത്തിനും സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. ഇത് വീണ്ടും രൂക്ഷ പരിഹാസങ്ങള്‍ക്ക് കാരണമാകുകയായിരുന്നു.