ദില്ലി: രാജ്യദ്രോഹക്കുറ്റമായ ഐപിസി 124 യുടെ നിയമപരമായ സാധുത വിശാല ഭരണഘടനാ ബെഞ്ച് പരിശോധിക്കുമെന്ന് സുപ്രീംകോടതി. അഞ്ചംഗങ്ങളില്‍ കുറയാത്ത വിശാലമായ ബെഞ്ചാണ് ഹർജി പരിശോധിക്കുകയെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. രാജ്യദ്രോഹകുറ്റം പ്രയോഗിക്കുന്നത് സുപ്രീംകോടതി നേരത്തെ തടഞ്ഞിരുന്നു. തുല്യത, അഭിപ്രായ സ്വാതന്ത്ര്യം, തുടങ്ങിയ മൗലികാവകാശങ്ങളുടെ ലംഘനമാണോ രാജ്യദ്രോഹക്കുറ്റം എന്നാണ് കോടതി പരിശോധിക്കുന്നത്. രാജ്യദ്രോഹ കുറ്റത്തിന് അനുകൂലമായ കേദാർ കേസിലെ വിധിയും വിശാല ബെഞ്ച് പുനഃപരിശോധിക്കും. പുതിയ ബില്ലിന്റെ പശ്ചാത്തലത്തിൽ കേസിൽ വാദം മാറ്റണമെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യം സുപ്രീംകോടതി പരിഗണിച്ചില്ല.