തിരുവനന്തപുരം: സിപിഎം നേതാവ് എ എൻ ഷംസീർ നിയമസഭാ സ്പീക്കർ പദവിയിലെത്തിയിട്ട് ഇന്നേക്ക് ഒരു വർഷം. 2022 സെപ്റ്റംബർ 12നാണ് എംബി രാജേഷ് മന്ത്രിയായതിനെ തുടർന്ന് എ എൻ ഷംസീർ സഭയുടെ നാഥാനാകുന്നത്. യുഡിഎഫ് സ്ഥാനാർഥിയായ അൻവർ സാദത്തിനെതിരെ 40 ന് 96 വോട്ടുനേടിയാണ് ഷംസീർ വിജയിച്ചത്. ഇതിനിടെ പ്രസംഗത്തിലെ മിത്ത് വിവാദം കേരളം ഏറെ ചർച്ച ചെയ്തു. നിരവധി പരിഷ്കാരങ്ങളാണ് ഒരു വർഷക്കാലയളവിൽ സ്പീക്കർ കൊണ്ടുവന്നത്. ചരിത്രത്തില്‍ ആദ്യമായി ചെയര്‍മാന്മാരുടെ പാനലില്‍ മുഴുവനായും വനിതാ അംഗങ്ങളെ തെരഞ്ഞെടുത്തതായിരുന്നു പ്രധാനപ്പെട്ട ഒരു തീരുമാനം.പ്രതിപക്ഷ അംഗം കെ കെ രമയെ ഉൾപ്പെടുത്തിയതും ഏറെ ചർച്ചയായി. കേരള നിയമസഭയിൽ ആദ്യമായി, അന്താരാഷ്ട്ര പുസ്തകോത്സവം സംഘടിപ്പിച്ചു. ആസാദി കാ അമൃത് മഹോത്സവിന്റെയും, നിയമസഭാ ലൈബ്രറിയുടെ നൂറാം വാര്‍ഷികത്തിന്റെയും, ഭാഗമായി സംഘടിപ്പിച്ച പുസ്തകോത്സവത്തിനോടനുബന്ധിച്ച് നിയമസഭാ മന്ദിരം പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കുന്നതിനായി തുറന്നുകൊടുത്തു.
നിയമസഭാ മന്ദിരത്തിന്റെ രജത ജൂബിലി ആഘോഷം നടത്തി.
ചടങ്ങില്‍ വൈസ് പ്രസിഡന്റ് ഓഫ് ഇന്ത്യ പങ്കെടുത്തു. എംഎല്‍എ.മാരുടെ വാസസ്ഥലമായ 51 വര്‍ഷം പഴക്കമുള്ള പമ്പാ ബ്ലോക്ക് പുനര്‍നിര്‍മ്മാണത്തിന്റെ ശിലാസ്ഥാപനം നടന്നു. പുറമെ, നിയമസഭാ ലൈബ്രറി പൊതുജനങ്ങള്‍ക്കു കൂടി തുറന്നുകൊടുത്തു. എംഎല്‍എമാരുടെ ഹാജർ പട്ടിക കടലാസുരഹിതമാക്കി. നിയമസഭാ മന്ദിരവും പരിസരവും നവീകരണത്തിന് തുടക്കം കുറിച്ചു. ഭാവിയിൽ പൊതുജനങ്ങൾക്ക് വൈകുന്നേരങ്ങളിൽ വന്നിരിക്കാവുന്ന തരത്തിലുള്ള സൗകര്യങ്ങളും, ദീപാലങ്കാരവും മറ്റും ഉണ്ടാവുമെന്നും സ്പീക്കറുടെ ഓഫിസ് അറിയിച്ചു.