2021 ഓഗസ്റ്റ് 15 ന് അമേരിക്കയുടെ പിന്‍മാറ്റത്തിന് പിന്നാലെ രണ്ടാമതും അഫ്ഗാനിസ്ഥാന്‍റെ അധികാരം കൈയാളിയ താലിബാന്‍ ഒടുവില്‍ ലോക സഞ്ചാരികളെ തങ്ങളുടെ രാജ്യം കാണാനായി ക്ഷണിക്കുന്നു. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനായി തയ്യാറാക്കിയ വീഡിയോ എക്സ് സാമൂഹിക മാധ്യമത്തില്‍ വൈറലായി. വിനോദ സഞ്ചാരത്തിനായി രാജ്യത്തെത്തുന്ന വിദേശികളെ മോചന ദ്രവ്യത്തിന് വേണ്ടി തട്ടിക്കൊണ്ട് പോകുകയോ കൊലപ്പെടുത്തുകയോ ഇല്ലെന്ന് താലിബാന്‍ വീഡിയോയിലൂടെ അവകാശപ്പെട്ടു. വീഡിയോ പങ്കുവച്ച കൊണ്ട് താലിബാന്‍ പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്‍റ് ഇങ്ങനെ കുറിച്ചു, ' അമേരിക്കക്കാരിൽ നിന്ന് വ്യത്യസ്തമായി സ്വതന്ത്രരുടെ യഥാർത്ഥ നാടും ധീരന്മാരുടെ വീടുമായ #അഫ്ഗാനിസ്ഥാൻ എന്ന മഹത്തായ രാഷ്ട്രം സന്ദർശിക്കുക. പേശീബലമുള്ള പുരുഷന്മാരും പരമ്പരാഗത സ്ത്രീകളും അധിവസിക്കുന്ന പരുക്കൻ രാജ്യം. യുദ്ധം അവസാനിച്ചതിനാൽ നിങ്ങൾ 100 % സുരക്ഷിതരായിരിക്കും, ഞങ്ങൾ ഇനി മുതൽ വിനോദസഞ്ചാരികളെ മോചനദ്രവ്യത്തിനായി പിടിക്കില്ല.' മൂന്ന് ദിവസത്തിനുള്ളില്‍ പതിനേഴ് ലക്ഷത്തിലേറെ പേരാണ് വീഡിയോ കണ്ടത്.