മാന്നാർ: ആശുപത്രി മാലിന്യങ്ങൾ ജനവാസ മേഖലയിലെ പുരയിടത്തില്‍ തള്ളി. നാട്ടുകാരുടെ പ്രതിഷേധം ശക്തമായപ്പോൾ മാലിന്യങ്ങൾ തിരികെ എടുത്ത് കൊണ്ടുപോകാൻ ആശുപത്രി അധികൃതർ നിർബന്ധിതരായി. ആശുപത്രി അധികൃതർക്ക് മാന്നാർ ഗ്രാമപഞ്ചായത്ത് പതിനായിരം രൂപ പിഴയടപ്പിച്ചു. മാന്നാർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ പാവുക്കര ഇടയാടി ജംഗ്ഷന് പടിഞ്ഞാറുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് പ്ലാസ്റ്റിക് ബാഗുകളിലും മറ്റുമായി ആശുപത്രി മാലിന്യങ്ങൾ തള്ളിയത്.കല്ലിശ്ശേരിയിലുള്ള സ്വകാര്യ ആശുപത്രിയിൽ നിന്നുള്ള മാലിന്യങ്ങളാണ് തള്ളിയതെന്ന് നാട്ടുകാർ പറഞ്ഞു. ആശുപത്രിയുടമയായ ഡോക്ടറിന്റെ പേരിലുള്ളതാണ് ആൾതാമസം ഇല്ലാതെ കിടക്കുന്ന ഈ വീടും സ്ഥലവും. കഴിഞ്ഞദിവസം പ്രദേശമാകെ ദുർഗന്ധം വമിക്കുകയും ഇതേ തുടർന്ന് പ്രദേശവാസികൾ അന്വേഷണം നടത്തുകയും ചെയ്തു. ഇതിനിടയാണ് കഴിഞ്ഞദിവസം രാത്രിയിൽ താമസം ഇല്ലാത്ത ഈ വീട്ടിൽ മോഷണം നടന്നത്. മോഷണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നതിനായി കോമ്പൗണ്ടിനുള്ളിലേക്ക് കയറിയപ്പോഴാണ് മാലിന്യങ്ങൾ പ്ലാസ്റ്റിക് കെട്ടുകളായും പ്ലാസ്റ്റിക് കവറിൽ നിന്നും പൊട്ടിച്ച് പല സ്ഥലങ്ങളിലായി ഇട്ടിരിക്കുന്നതും ശ്രദ്ധയിൽപ്പെട്ടത്.
ആശുപത്രിയിലെ വിസർജ്യ വസ്തുക്കൾ ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് ഇവിടെ നിക്ഷേപിച്ചിരുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. നാട്ടുകാർ പരാതിപ്പെട്ടതോടെ വാർഡ് മെമ്പർ സുനിത എബ്രഹാം പഞ്ചായത്ത് അധികൃതരെയും പോലീസിനെയും വിവരം അറിയിക്കുകയും മാന്നാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഉല്ലാസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തിയതിനു ശേഷം 10,000 രൂപ പിഴ ചുമത്തുകയും ചെയ്തു. പമ്പയാറിനോട് ചേർന്നുള്ള ഈ സ്ഥലം വെള്ളം കയറുന്നിടം കൂടിയായതിനാൽ സമീപത്തെ വീടുകളിലെ കിണറുകളിലും മറ്റും മാലിന്യം കലരുവാനും മാറാരോഗത്തിനും സാധ്യത ഏറെയായതിനാൽ മാലിന്യം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധം ആരംഭിച്ചു. പിന്നീട് ആശുപത്രി അധികൃതർ മാലിന്യം തിരികെ വാഹനങ്ങളിൽ കയറ്റിക്കൊണ്ടുപോയി.