തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഇഡി പറയുന്ന മുന്‍ എംപി പി കെ ബിജുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. ഇഡി അറസ്റ്റ് ചെയ്ത കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയായ പി സതീഷ് കുമാറിന്റേതാണ് പി കെ ബിജു സമ്പാദിച്ച പണമെന്നും അക്കര ആരോപിച്ചു. പി കെ ബിജുവിന്റെ മെന്ററാണ് പി സതീഷ് കുമാറെന്ന ആരോപണവും അനില്‍ അക്കര ഉന്നയിച്ചിട്ടുണ്ട്. ഇഡി സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പേര് പറയാതെ മുന്‍ എംപിയെ പരാമര്‍ശിക്കുന്നുണ്ട്. ഇത് പി കെ ബിജു ആണെന്നാണ് അനില്‍ അക്കരെ ഉന്നയിക്കുന്ന ആരോപണം. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ ഒന്നാം പ്രതിയാണ് തൃശൂര്‍ കോലാഴി സ്വദേശിയായ പി സതീഷ് കുമാര്‍. 2009 ലോക്‌സഭയിലേക്ക് ജയിച്ച ശേഷം പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി ആസ്ഥാനമായാണ് പി കെ ബിജു എംപിയുടെ ഓഫീസ് അടക്കം പ്രവര്‍ത്തിച്ചുവന്നിരുന്നത്.
2014 ല്‍ വീണ്ടും മത്സരിച്ച് ജയിച്ചതോടെ വടക്കഞ്ചേരിയില്‍നിന്ന് തൃശ്ശൂര്‍ പാര്‍ളിക്കാട്ടെ കൊട്ടാര സദൃശമായ വീട്ടിലേക്ക് പി കെ ബിജു താമസം മാറി. ഈ വീടിന്റെ നടത്തിപ്പ് ചുമതല നിലവിലെ വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ പി ആര്‍ അരവിന്ദാക്ഷനായിരുന്നു. ഇയാള്‍ കരുവന്നൂര്‍ കേസില്‍ അറസ്റ്റിലാകാന്‍ ഇരിക്കുകയാണെന്നും അനില്‍ അക്കര ആരോപിച്ചു.