നിപ പ്രോട്ടോക്കോളിനെതിരെ വി ഡി സതീശൻ ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയുമായി മന്ത്രി വീണാ ജോർജ്. സാധ്യമായിട്ടുള്ള എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് നിപയെ സർക്കാർ നേരിടാൻ ശ്രമിക്കുകയാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. അനാവശ്യമായ വിവാദത്തിന് യാതൊരുവിധ കാരണവും ഇല്ല, സംസ്ഥാനത്ത് രണ്ട് ലാബുകളിൽ നിപ വൈറസ് ബാധയുണ്ടോ എന്നുള്ളത് സ്ഥിരീകരിക്കാൻ സാധിക്കും. പക്ഷേ സംസ്ഥാനത്ത് പ്രഖ്യാപിക്കാൻ സാധിക്കില്ല. അതിനുള്ള അധികാരം പൂനൈ എൻഐവിയ്ക്കാണ് മന്ത്രി പറഞ്ഞു.കേന്ദ്രമന്ത്രി നിപ സ്ഥിരീകരണം നടത്തിയപ്പോൾ ഉടൻ എൻഐവി പൂനെയെ ബന്ധപ്പെട്ടു. അപ്പോൾ ഫലം ആയിട്ടില്ല എന്നാണ് മറുപടി ലഭിച്ചത്. 8:50നാണ് എനിക്ക് മൊബൈലിൽ പരിശോധന ഫലം ലഭിക്കുന്നത്. മൂന്ന് സംഘത്തെയാണ് കേന്ദ്രം കേരളത്തിലേക്ക് അയക്കുന്നത്. ഉച്ചയ്ക്കുശേഷം കേന്ദ്രസംഘം എത്തും. മൊബൈൽ സംഘവും ഒപ്പമുണ്ടാകും. 2018 നിപ ചികിത്സയ്ക്ക് പ്രോട്ടോകോൾ തയ്യാറാക്കിയിരുന്നു. 2021ൽ അത് പുതുക്കിയിരുന്നു. അതനുസരിച്ചാണ് നിലവിലെ ചികിത്സ. നിലവിൽ 323 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്’, മന്ത്രി വ്യക്തമാക്കി.