കായികമേഖലയുടെ സമഗ്ര പുരോഗതിയാണ് സംസ്ഥാന സർക്കാർ ലക്ഷ്യം വെക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവണ്മെന്റ് ബ്രണ്ണൻ കോളേജിലെ സിന്തറ്റിക് ട്രാക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു മുഖ്യമന്ത്രി.ബ്രണ്ണൻ കോളേജിനാണു നേരത്തെ അവകാശമുണ്ടായിരുന്ന സ്ഥലത്ത് ഇവിടെ സ്പോർട്സ് അസോസിയേഷൻ ഓഫ് ഇന്ത്യയും സംസ്ഥാന സർക്കാരും സംയുക്തമായി നിർമിച്ചതാണ് സിന്തറ്റിക് ട്രാക്ക്. 2017 ലാണ് 7.35 ഏക്കർ സ്ഥലം സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യക്ക് അനുവദിക്കുന്നത്. ഇതിൽ അത്‌ലറ്റിക് ട്രെയിനിങ് നടത്തുന്ന കായിക താരങ്ങളെ ഉദ്ദേശിച്ചാണ് ഈ ട്രാക്ക് തയാറാക്കിയിട്ടുള്ളതെന്നും ഇതിന്റെ ഗുണഫലങ്ങൾ കൂടുതൽ ലഭിക്കുക തലശേരി സായി സെന്ററിലെ കായിക വിദ്യർത്ഥികൾക്കായിരിക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു.അതോടൊപ്പം ബ്രണ്ണൻ കോളേജിലെ വിദ്യർത്ഥികൾക്കും ഇത് സഹായകമാകും.ബ്രണ്ണൻ കോളേജിലെ കായിക ചരിത്രവും കോളേജ് ചരിത്രം പോലെ ശ്രധേയമായ ഒന്നാണ്.നിരവധി ദേശീയ അന്തർ ദേശീയ താരങ്ങളെയും ഒളിമ്പ്യൻമാരെയും വാർത്തെടുക്കാൻ കഴിഞ്ഞ കലാലയം കൂടിയാണിത്. കായിക രംഗത്ത് മികവ് തെളിയിച്ചതിനു ജി വി രാജ പുരസ്കാരവും ജിമ്മി ജോർജ് ട്രോഫിയുമൊക്കെ കരസ്ഥമാക്കിയ കലാലയം തുടർന്നും കായികരംഗത്ത് ഇനിയും മുന്നേറും എന്ന പ്രതീക്ഷയാണ് ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ കോളേജ് ക്യാമ്പസിലെ കളിസ്ഥലം വിപുലീകരിക്കുന്നതിനായി 1 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. ഇപ്പോൾ തന്നെ ദേശീയ അന്തർ ദേശീയ മത്സരങ്ങളിൽ മികവ് തെളിയിച്ച നിരവധി കായിക പ്രതിഭകൾ ഉള്ള ക്യാമ്പസ് ആണിത്. അവർക്ക് കൂടുതൽ മെച്ചപ്പെട്ട രീതിയിലേക്ക് ഉയരാൻ കഴിയുന്നതാകും ഇവിടെ പുതുതായി ഒരുക്കുന്ന കായിക സൗകര്യങ്ങൾ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.സായിയുടെയും സംസ്ഥാന സർക്കാറിൻെറയും സംയുക്ത ആഭിമുഖ്യത്തിൽ കേരളത്തിലെ 70 കോളേജുകളിൽ ഇത്തരത്തിൽ കായിക അടിസ്ഥാന സംയുക്ത വികസനം നടപ്പാക്കി വരുകയാണ്. ഏതെങ്കിലും ഒരു ലക്ഷ്യത്തിലേക്ക് എത്തുക എന്ന വിധം കുട്ടികളെ പരിശീലിപ്പിക്കുക വിദ്യാർത്ഥികളുടെ ബഹുമുഖമായ കഴിവുകൾ വികസിപ്പിക്കുക എന്നതിനാണ് സർക്കാർ പ്രാധാന്യം കൊടുക്കുന്നത്.