തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിന് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് നൽകണമെന്ന ആവശ്യവുമായി കോവളം എംഎൽഎ എം വിൻസന്റ്. ഉമ്മൻചാണ്ടിയുടെ പരിശ്രമം കൊണ്ടാണ് വിഴിഞ്ഞം തുറമുഖം യഥാർഥ്യമായത്. അതിനാൽ തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേര് നൽകണം. ഇക്കാര്യം സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉമ്മൻചാണ്ടിയുടെ പേര് നൽകണമെന്ന ആവശ്യം സഭയിൽ ഉന്നയിക്കാനുള്ള സബ്മിഷന് അനുമതി നൽകിയില്ലെന്നും അദ്ദേഹം ആരോപിച്ചു. വിഴിഞ്ഞം തുറമുഖം യുഡിഎഫിന്റെ കുഞ്ഞാണ്. പക്ഷേ നാളെ നടക്കുന്ന തുറമുഖം നാമകാരണം പരിപാടിയിലേക്ക് കോവളം എംഎൽഎയായ തന്നെ ക്ഷണിച്ചില്ല. നോട്ടീസിൽ സ്ഥലം എംഎൽഎ, എംപി എന്നിവരുടെ പേരുമില്ല. വിഴിഞ്ഞം തുറമുഖം യുഡിഎഫിന്റെ കുഞ്ഞാണ്. മരണപ്പെട്ട ഉമ്മൻചാണ്ടിയുടെ ജീവിക്കുന്ന സ്മാരകം ആണ് വിഴിഞ്ഞം തുറമുഖം. 2019 ഡിസംബറിൽ പൂർത്തീകരിക്കേണ്ട പദ്ധതിയായിരുന്നു. പക്ഷേ ഇനിയും പൂർത്തിയായിട്ടില്ല. ഇടത് സർക്കാർ എത്ര മാറ്റി നിർത്താൻ ശ്രമിച്ചാലും വികസന പ്രവർത്തനങ്ങളിൽ ചേർന്ന് നിൽക്കുമെന്നും വിൻസന്റ് പത്രസമ്മേളനത്തിൽ വ്യക്തമാക്കി. അതേ സമയം, ഒക്ടോബര്‍ നാലിന് ആദ്യകപ്പൽ എത്താനിരിക്കെ വിഴിഞ്ഞം തുറമുഖത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. അടുത്ത മെയിൽ ആദ്യഘട്ടം കമ്മീഷൻ ചെയ്യാനുറച്ചാണ് ജോലികൾ നടക്കുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ പേരിടലും ലോഗോ പ്രകാശനവും നാളെ മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിര്‍വ്വഹിക്കും.
കൂറ്റൻ ക്രെയിനുകളുമായി ചൈനയിലെ ഷാങ്ഹായ് തുറമുഖത്തു നിന്ന് യാത്ര തിരിച്ച ആദ്യ കപ്പലിന് ഒക്ടോബര്‍ നാലിന് കേന്ദ്ര മന്ത്രിയും മുഖമന്ത്രിയും വകുപ്പുമന്ത്രിയും അടക്കം പങ്കെടുക്കുന്ന വിപുലമായ വരവേൽപ്പ് നൽകാനാണ് തീരുമാനം. ആദ്യ കപ്പലെത്തിയാൽ ഒന്നിന് പിന്നാലെ ഒന്നായി ഏഴ് കപ്പലുകൾ കൂടി വിഴിഞ്ഞത്തെത്തുന്നുണ്ട്. മാരിടൈം മേഖലക്ക് വിഴിഞ്ഞം തുറമുഖത്തിന്‍റെ സാധ്യതകൾ പരിചയപ്പെടുത്താൻ ഒക്ടോബറിൽ അന്താരാഷ്ട്ര ഷിപ്പിംഗ് കോൺക്ലേവും സംഘടിപ്പിക്കുന്നുണ്ട്. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന തുറമുഖ നിര്‍മ്മാണത്തിന്‍റെ ആദ്യഘട്ടം എൺപത് ശതമാനം പൂര്‍ത്തിയായി. രണ്ടും മൂന്നും ഘട്ടങ്ങളുടെ പണി ആരംഭിക്കാൻ തുറമുഖ നിര്‍മ്മാണ കമ്പനി സര്‍ക്കാര്‍ അനുമതി തേടിയിട്ടുണ്ട്. അടുത്ത മെയ് മാസത്തോടെ തുറമുഖം പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമായേക്കുമെന്നാണ് വിവരം.