കണ്ണൂർ: മണിപ്പൂർ കലാപത്തെത്തുടർന്ന് പഠനം ഉപേക്ഷിക്കേണ്ടിവന്നവർക്ക് കേരളത്തിന്‍റെ കരുതലും സ്നേഹവും. കലാപം രൂക്ഷമായതിനെ തുടർന്ന് പഠനം ഉപേക്ഷിക്കേണ്ടിവന്ന വിദ്യാർത്ഥികൾക്ക് പഠിക്കാൻ കേരളം സൗകര്യമൊരുക്കി. കേരളത്തിന്‍റെ സ്നേഹം ഏറ്റുവാങ്ങി മണിപ്പൂരിൽ നിന്നുള്ള ആദ്യ സംഘം കണ്ണൂരിൽ എത്തി. മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയടക്കമുള്ളവർ മണിപ്പൂരിൽ നിന്നുള്ള ആദ്യ സംഘത്തെ സ്വീകരിച്ചു. സ്വീകരണത്തിന്‍റെയടക്കം വിവരങ്ങൾ ശൈലജ ഫേസ്ബുക്ക് കുറിപ്പിലൂടെ വിവരിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ദില്ലിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ കേരള ഹൗസിലെത്തി 67 അംഗ മണിപ്പൂർ വിദ്യാർഥി സംഘം കണ്ടിരുന്നു. ഇതിനെതുടർന്നാണ് ഈ വിദ്യാർഥികൾക്ക് കേരളത്തിൽ പഠന സൗകര്യം ഒരുങ്ങിയത്. മണിപ്പൂരിൽ നിന്നുള്ള ആറംഗ സംഘമാണ് ഇപ്പോൾ കേരളത്തിലെത്തിയിട്ടുള്ളത്. സർവ്വകലാശാല അധികൃതരോടൊപ്പമാണ് ആദ്യ സംഘത്തെ സ്വീകരിച്ചതെന്ന് ശൈലജ വിവരിച്ചു. വരും ദിവസങ്ങളിൽ മറ്റുള്ളവരും കേരളത്തിലെ വിവിധ സർവ്വകലാശാലകളിലേക്ക് തുടർപഠനത്തിനായി എത്തുമെന്നും അവർ അറിയിച്ചു.