ന്യൂഡല്‍ഹി: സ്കൂളിന് മുന്നില്‍ നിന്ന് 15 വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. സ്കൂളിലേക്ക് കുട്ടികളെ എത്തിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറാണ് ഇതേ സ്കൂളിലെ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പിടിയിലായതെന്ന് ചൊവ്വാഴ്ച ഡല്‍ഹി പൊലീസ് അറിയിച്ചു. കുട്ടിയെ കാണാതായത് മുതല്‍ ഇയാളെക്കുറിച്ച് സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.
ഡല്‍ഹി സന്‍സദ് മാര്‍ഗിലെ പ്രശസ്തമായ ഒരു സ്കൂളില്‍ പഠിച്ചിരുന്ന വിദ്യാര്‍ത്ഥിയെയാണ് കാണാതായത്. നവംബര്‍ മൂന്നാം തീയ്യതി രാവിലെയായിരുന്നു സംഭവം. സ്കൂളില്‍ ക്ലാസ് തുടങ്ങിയപ്പോള്‍ കുട്ടി എത്തിയിരുന്നില്ല. ഇതേ തുടര്‍ന്ന് സ്കൂളിലെ രീതി അനുസരിച്ച് വിവരം അറിയിച്ചുകൊണ്ട് കുട്ടിയുടെ അച്ഛന് മെസേജ് അയച്ചു. സ്കൂളിന് മുന്നില്‍ അല്‍പം മുമ്പ് താന്‍ കൊണ്ടുവിട്ട മകള്‍ ക്ലാസില്‍ എത്തിയിട്ടില്ല എന്ന് അറിഞ്ഞ് അമ്പരന്ന പിതാവ് ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. നേരത്തെ കുട്ടിയെ സ്കൂളിലേക്ക് കൊണ്ടുപോയിരുന്ന വാഹനത്തിന്റെ ഡ്രൈവറെക്കുറിച്ച് സംശയം തോന്നിയിരുന്നതിനാല്‍ അക്കാര്യവും അച്ഛന്‍ പൊലീസിനെ അറിയിച്ചു.