കൊച്ചി: ആലുവ കേസില്‍ അസ്ഫാക് ആലത്തിന് കോടതി വധശിക്ഷ വിധിച്ചതോടെ കേരളത്തിലെ ജയിലുകളില്‍ വധശിക്ഷ കാത്ത് കഴിയുന്നവരുടെ എണ്ണം 21 ആയി. നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 4, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ 4, വിയ്യൂരിലെ അതീവ സുരക്ഷാ ജയിലില്‍ 3, തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ 9 എന്നിങ്ങനെയാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ എണ്ണം. വധശിക്ഷ വിധിക്കാറുണ്ടെങ്കിലും നടപ്പിലാക്കുന്നതിന്റെ എണ്ണം കുറഞ്ഞതോടെ സംസ്ഥാനത്ത് ആരാച്ചാരില്ലാത്ത അവസ്ഥയാണ്.കണ്ണൂരിലും തിരുവനന്തപുരത്തുമാണ് വധശിക്ഷ നടപ്പിലാക്കാന്‍ കഴുമരങ്ങളുള്ളത്. 1991ല്‍ റിപ്പര്‍ ചന്ദ്രനെയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അവസാനം തൂക്കിലേറ്റിയത്. 1974ല്‍ കളിയാക്കാവിള സ്വദേശി അഴകേശനെയാണ് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ അവസാനമായി തൂക്കിലേറ്റിയത്. പെരുമ്പാവൂര്‍ ജിഷ കൊലക്കേസിലെ പ്രതി അസം സ്വദേശി മുഹമ്മദ് അമിറുള്‍ ഇസ്ലാം, ചെങ്ങന്നൂരിലെ ഇരട്ടകൊലപാതക കേസിലെ പ്രതി ബംഗ്ലാദേശി പൗരന്‍ ലബലു ഹസന്‍, ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസിലെ പ്രതി നിനോ മാത്യു തുടങ്ങിയവരൊക്കെ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലുകളിലുണ്ട്.ഇങ്ങനെ ജയിലുകളില്‍ കഴിയുന്നവരുടെ അപ്പീല്‍ ലഭിച്ചാല്‍ സുപ്രീം കോടതി നിര്‍ദേശത്തിന്റ അടിസ്ഥാനത്തില്‍ ഹൈക്കോടതി വിശദമായ പരിശോധന നടത്തും. ഇതിനായി വിദഗ്ധരുള്‍പ്പെടുന്ന പ്രത്യേക ഏജന്‍സിയെ നിയോഗിച്ചിട്ടുണ്ട്. ഇത്തരക്കാരുടെ മാനസിക നില ആരോഗ്യവിദഗ്ധരുടെ സംഘം പരിശോധിക്കും. ജയിലിലെ പെരുമാറ്റം എങ്ങനെയാണ്, ഇവരുടെ കുടുംബസാമൂഹിക പശ്ചാത്തലം എന്താണ്, സാമൂഹിക ജീവിതത്തിനു പറ്റിയ നിലയിലേക്ക് ഇവരുടെ സ്വഭാവം മാറിയിട്ടുണ്ടോ എന്നതൊക്കെ പരിശോധിക്കും. ഇതനുസരിച്ചുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി തീരുമാനമെടുക്കുന്നത്. ഹൈക്കോടതി വിധി എതിരായാല്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാം.
WE ONE KERALA
NM