കോയമ്പത്തൂർ: വടക്ക് കിഴക്കന്‍ കാലവർഷം ശക്തമായതിന് പിന്നാലെ തമിഴ്നാടിന്റെ വിവിധ മേഖലകളില്‍ ശക്തമായ മഴ തുടരുന്നു. പല മേഖലകളിലും മഴക്കെടുതികളും രൂക്ഷമായി. സംസ്ഥാനത്തെ 12 ജില്ലകളിലെങ്കിലും വെള്ളിയാഴ്ച കനത്ത മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചത്. പലയിടങ്ങളിലും മണ്ണിടിച്ചിലും ശക്തമാണ്. മഴയുടെ പശ്ചാത്തലത്തില്‍ രണ്ട് ജില്ലകളിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പുതുച്ചേരിയിലെ കാരൈക്കല്‍, തിരുവാരൂര്‍ എന്നിവിടങ്ങളിലെ സ്കൂളുകള്‍ക്ക് ഇന്നുമുതല്‍ അവധിയായിരിക്കും.തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം, മയിലാടുംതുറൈ, പുതുക്കോട്ടെ, ശിവ ഗംഗൈ, രാമനാഥപുരം, വിരുത്നഗർ, തൂത്തുക്കുടി, തെങ്കാശി, തിരുനെൽവേലി, കന്യാകുമാരി മേഖലകളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് വിശദമാക്കിയിരിക്കുന്നത്. കല്ലാറിലും കുനൂരിലും റെയില്‍വേ പാളങ്ങളിലേക്ക് മണ്ണ് ഇടിഞ്ഞ് വീണതിന് പിന്നാലെ നീലഗിരി ട്രെയിന്‍ സർവ്വീസ് നവംബർ 16 വരെ നിർത്തി വച്ചിരിക്കുകയാണ്. മധുരൈ, കോയമ്പത്തൂർ, തൂത്തുക്കുടി അടക്കമുള്ള വിവിധ നഗരങ്ങളില്‍ വലിയ രീതിയിലുള്ള വെള്ളക്കെട്ടാണ് ഇന്നലെയുണ്ടായത്. കോയമ്പത്തൂരിന് സമീപമുള്ള കുഞ്ചപ്പ പനൈ, മേട്ടുപ്പാളയം ദേശീയ പാതയിലും കൊത്തഗിരിയിലും മണ്ണിടിച്ചിലുണ്ടായി.കോയമ്പത്തൂരിലും തിരുപ്പൂരിലും മധുരൈയിലും തേനിയിലും ദിണ്ടിഗലിലും വ്യാഴാഴ്ച സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. കൊമോറിന്‍ മേഖലയില്‍ ചുഴലിക്കാറ്റിന് സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത് ഇത് വടക്ക് കിഴക്കന്‍ കാറ്റിനെ ശക്തമാക്കുന്നു. അറബിക്കടലിന് കിഴക്ക് മധ്യേ മേഖലയിൽ ന്യൂന മർദ്ദമുണ്ടായതുമാണ് തമിഴ്നാട്ടില്‍ മഴ ശക്തമാകുന്നതിന് കാരണമായിട്ടുള്ളത്.