മുംബൈ: നിരവധി വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരണപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുംബൈ ബാന്ദ്രയിലെ വൊര്‍ലി സീ ലിങ്കിലാണ് വലിയ വാഹനാപകടം ഉണ്ടായത്. വ്യാഴാഴ്ച രാത്രി 10.15ഓടെയായിരുന്നു സംഭവം.അമിത വേഗത്തിലെത്തിയ ഒരു ടൊയോട്ട ഇന്നോവ കാര്‍ ടോള്‍ പ്ലാസയ്ക്ക് ഏകദേശം 100 മീറ്റര്‍ അകലെ വെച്ച് ഒരു മെര്‍സിഡസ് കാറുമായി കൂട്ടിയിടിച്ചു. എന്നാല്‍ ഈ അപകടത്തിന് ശേഷം ഇന്നോവ കാറിലുണ്ടായിരുന്നവര്‍ സ്ഥലത്തു നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു. ടോള്‍ പ്ലാസയ്ക്ക് മുന്നില്‍ കാത്തു നില്‍ക്കുകയായിരുന്ന മറ്റ് നിരവധി വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചാണ് ഇന്നോവ മുന്നോട്ട് നീങ്ങിയത്. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് അപകടത്തില്‍ മരണപ്പെട്ടത്.