ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിന് കീഴിലെ കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതി പ്രകാരമുള്ള ചികിത്സയ്ക്ക് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൽ നിന്നും മുപ്പത് കോടി രൂപയുടെ ചെക്ക് നൽകി. ധനവകുപ്പു മന്ത്രിയുടെ ചേംബറിൽ ചേർന്ന ചടങ്ങിൽ മന്ത്രി കെ.എൻ ബാലഗോപാൽ ആരോഗ്യ മന്ത്രി വീണാ ജോർജ്ജിന് ഫണ്ട് കൈമാറി.30 കോടി രൂപ കൂടി പദ്ധതിയിലേയ്ക്ക് കൈമാറിയതോടെ ആകെ 1762.37 കോടി രൂപയാണ് കാരുണ്യ ബെനവലന്റ് ഫണ്ടിലേയ്ക്ക് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സമാഹരിച്ച് നൽകിയത്. ചടങ്ങിൽ ക്ഷീര വികസന-മൃഗ സംരക്ഷണ വകുപ്പു മന്ത്രി ജെ ചിഞ്ചുറാണി, സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ, സ്റ്റേറ്റ് ഹെൽത്ത് ഏജൻസി ജോയിന്റ് ഡയറക്ടർ ഡോ.ബിജോയ്, ലോട്ടറി വകുപ്പ് ജോയിന്റ് ഡയറക്ടർമാരായ പി.മനോജ്, മായാ എൻ പിള്ള എന്നിവരും സന്നിഹിതരായി.