പലസ്തീൻ അഭയാർത്ഥി ക്യാമ്പുകളിലും വീടുകളിലും ബോംബിട്ട് ഇസ്രയേൽ. ഒറ്റ ദിവസം കൊണ്ട് നൂറിലധികം പേർ കൊലചെയ്യപ്പെട്ടു. വടക്കൻ ഗാസയിലെ ജബലിയ അഭയാർഥിക്യാംപിൽ ഐക്യരാഷ്ട്ര സംഘടന ഏജൻസി (യുഎൻആർഡബ്ല്യുഎ) നടത്തുന്ന അൽ ഫഖുറ സ്‌കൂളിലുണ്ടായിരുന്ന കുട്ടിക്കളടക്കമുള്ള അൻപതിലേറെ പേരാണ് ശനിയാഴ്ച ഉണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പലസ്തീനിൽ ഇസ്രയേൽ അധിനിവേശത്തിന്റെയും ആക്രമണങ്ങളുടെയും ഭാഗമായി കൊല്ലപ്പെട്ടവരുടെ എണ്ണം 12,000 കടന്നു. ഇതിൽ 5000 ത്തിൽപരം കുട്ടികളുമുണ്ട്. ഖാൻ യൂനിസിൽ കൂടുതൽ ബോംബാക്രമണം ഉണ്ടാകുമെന്നും ജനങ്ങളോടു നഗരം വിടാനും ഇസ്രയേൽ മുന്നറിയിപ്പുനൽകി.ഇസ്രയേൽ സൈന്യം പിടിച്ചെടുത്ത ഗാസ അൽ ശിഫ ആശുപത്രിയിൽ നിന്ന് രോഗികളും ജീവനക്കാരും പലായനം ചെയ്തു തുടങ്ങി. കിടപ്പുരോഗികളും അവരെ പരിചരിക്കാനുള്ള ജീവനക്കാരും മാത്രമാണ് ആശുപത്രിയിൽ അവശേഷിക്കുന്നത്. ഹമാസ് ആസ്ഥാനം ആശുപത്രി സമുച്ചയത്തിനടിയിലെ ബങ്കറിൽ പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ചാണ് ഇസ്രയേൽ സേന ആശുപത്രി ആക്രമിച്ചത്. എന്നാൽ ഇതിന്റെ തെളിവുകൾ കണ്ടെത്തിയതായി ഇതുവരെ വിവരം ലഭിച്ചിട്ടില്ല.ഗുരുതരാവസ്ഥയിലുള്ള രോഗികളടക്കം 7000ത്തോളം പേർ കഴിയുന്ന അൽ ശിഫ ആശുപത്രി എത്രയും വേഗം ഒഴിയണമെന്ന് ഇസ്രയേൽ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ മതിയായ ആംബുലൻസ് സൗകര്യം പോലുമില്ലാതെ രോഗികളെ മാറ്റാൻ കഴിയില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അവശേഷിക്കുന്ന ആളുകളാണ് ആശുപത്രിയിൽ നിന്നും സ്വമേധയാ പലായനം ചെയ്യുന്നത്.
WE ONE KERALA
NM