തിരുവനന്തപുരം മാനവീയം വീഥിയിൽ വീണ്ടും സംഘർഷം. പൊലീസിന് നേരെ കല്ലേറുണ്ടാവുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. നാലുപേരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു. നൈറ്റ് ലൈഫിൽ അവരവർ നിയന്ത്രണം ഏർപ്പെടുത്തിയില്ലെങ്കിൽ പൊലീസിന് നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി.
ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. മദ്യപിച്ചവരെ കണ്ടെത്തുന്നതിനായി പൊലീസ് പരിശോധന നടത്തുന്നതിനിടെയാണ് സംഘർഷം ഉണ്ടായത്. നെട്ടയം സ്വദേശി രാജിക്ക് കല്ലേറിൽ പരിക്കേറ്റു. സംഘർഷത്തിൽ നാലുപേരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടു ദിവസം മുമ്പും മാനവീയം വീഥിയിൽ സംഘർഷമുണ്ടായിരുന്നു. അന്ന് ആക്രമണം നടത്തിയ ലഹരിസംഘത്തിലെ ഒരാളെ പൊലീസ് പിടികൂടിയിരുന്നു. ലഹരി ഉപയോഗിക്കുന്നവർ വരുന്നതാണ് പ്രധാന പ്രശ്നമെന്നും ഇനിമുതൽ രാത്രി 10 മണിക്ക് ശേഷം മൈക്കും മറ്റും ഉപയോഗിക്കാൻ പാടില്ലെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച് നാഗരാജു പറഞ്ഞു.