ജാർഖണ്ഡിൽ രണ്ട് ഐഎസ് ഭീകരർ അറസ്റ്റിൽ. ഗോഡ്ഡ, ഹസാരിബാഗ് ജില്ലകളിൽ സംസ്ഥാന പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് നടത്തിയ തെരച്ചിലിലാണ് ഭീകരർ പിടിയിലായത്. രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.പിടിയിലായവരിൽ എംഡി ആരിസ് ഹുസൈൻ ഗോഡ്ഡ ജില്ലയിലെ അസൻബാനി പ്രദേശത്തെ താമസക്കാരനാണ്. ഇയാൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ യുവാക്കളെ തീവ്രവാദത്തിലേക്ക് റിക്രൂട്ട് ചെയ്തിരുന്നതായി എടിഎസ് പ്രസ്താവനയിൽ പറഞ്ഞു.ഹസാരിബാഗിലെ പെലാവൽ പ്രദേശത്ത് വെച്ചാണ് രണ്ടാമൻ നസീമിനെ അറസ്റ്റ് ചെയ്തത്. ആദ്യം അറസ്റ്റിലായ ഹുസൈന്റെ മൊബൈൽ ഫോണിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്നാണ് അറസ്റ്റ്. നസീമും ഹുസൈനും തമ്മിലുള്ള ചാറ്റുകളിൽ സംശയാസ്പദമായ സംഭാഷണങ്ങൾ നടന്നിട്ടുണ്ടെന്ന് എടിഎസ് കണ്ടെത്തി.
ഐഎസുമായും പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ആസ്ഥാനമായി പ്രവർത്തിക്കുന്ന മറ്റ് നിരോധിത തീവ്രവാദ ഗ്രൂപ്പുകളുമായും തനിക്ക് ബന്ധമുണ്ടെന്ന് ഹുസൈൻ സമ്മതിച്ചിട്ടുണ്ടെന്ന് എടിഎസ് അറിയിച്ചു. ജിഹാദ്, ഐസിസ് ആശയങ്ങൾ അടങ്ങുന്ന രണ്ട് പുസ്തകങ്ങൾ നസീം ഹുസൈനിന് അയച്ചുകൊടുത്തിരുന്നതായും എടിഎസ് കണ്ടെത്തി.യുഎപിഎ, ഐപിസി വകുപ്പുകൾ പ്രകാരമാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ഇവരെ ചോദ്യം ചെയ്തു വരികയാണെന്നും എടിഎസ് പ്രസ്താവനയിൽ പറയുന്നു.