ജനുവരിയില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സ്‌പോര്‍ട്‌സ് സമ്മിറ്റിന് മുന്നോടിയായുള്ള ജില്ലാ സ്‌പോര്‍ട്‌സ് സമ്മിറ്റുകള്‍ക്ക് കണ്ണൂരില്‍ തുടക്കമായി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടത്തിയ സമ്മിറ്റ് വി ശിവദാസ് എം പി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തിന്റെ പുതിയ കായിക നയവും കായിക സമ്പദ്ഘടനാ വികസന പദ്ധതിയും അവതരിപ്പിക്കുന്നതിനായാണ് ജില്ലാ സ്‌പോര്‍ട്‌സ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്. ജില്ലാതലത്തിലുള്ള പദ്ധതി ആസൂത്രണവും സമ്മിറ്റില്‍ നടന്നു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള മാസ്റ്റര്‍ പ്ലാന്‍ കരടും തയ്യാറാക്കി. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം പദ്ധതികളും മാസ്റ്റര്‍ പ്ലാനും തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര സമ്മിറ്റില്‍ അവതരിപ്പിക്കും. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും സ്‌പോര്‍ട്‌സ് സമ്മിറ്റുകള്‍ സംഘടിപ്പിക്കുന്നുണ്ട്. അതില്‍ ആദ്യത്തേതാണ് കണ്ണുരില്‍ നടന്നത്. നവംബറില്‍ ജില്ലാ സമ്മിറ്റുകള്‍ പൂര്‍ത്തിയാക്കും. സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഡിസംബറില്‍ മൈക്രോ സമ്മിറ്റുകളും സംഘടിപ്പിക്കും. പ്രാദേശിക പദ്ധതികളുടെ ആസൂത്രണമാണ് ലക്ഷ്യം. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് യു ഷറഫലി മുഖ്യാതിഥിയായി. രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ, ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളായ വി കെ സനോജ്, സി കെ വിനീത്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് കെ കെ പവിത്രന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യുട്ടിവ് അംഗം ഡോ. പി പി ബിനീഷ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ഷിനിത്ത് പാട്യം, എം ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
WE ONE KERALA
AJ