കണ്ടല ബാങ്ക് തട്ടിപ്പില്‍ ബാങ്ക് മുന്‍ പ്രസിഡന്റും സിപിഐ നേതാവുമായ എന്‍. ഭാസുരാംഗന് ഇ.ഡി റെയ്‌ഡിനിടെ ദേഹാസ്വാസ്ഥ്യം. എൻ ഭാസുരാംഗനെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എൻ ഭാസുരാംഗന്റെ കണ്ടലയിലെ വീട്ടിൽ ഇ ഡി പരിശോധന നടത്തുന്നു.പൂജപ്പുരയിലെ വസതിയിലെ പരിശോധന പൂർത്തിയായി. വീട്ടിൽ നിന്ന് കണ്ടെത്തിയ രേഖകൾ കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ മുതൽ ഇഡി സംഘം ബാങ്കിലും ഭാസുരാംഗന്റെ സ്ഥാപനങ്ങളിലും വീട്ടിലുമായി പരിശോധന നടത്തിവരികയായിരുന്നു.മിൽമയുടെ വാഹനത്തിലാണ് ഭാസുരാംഗനെ കൊണ്ടുപോയത്. 101 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടല ബാങ്കിൽ കണ്ടെത്തിയത്. കഴിഞ്ഞ 30 വർഷത്തിലേറെയായി സിപിഐ നേതാവായ എൻ ഭാസുരാംഗനാണ് ബാങ്ക് പ്രസിഡണ്ട്. ഈയിടെയാണ് ഭരണ സമിതി രാജിവെച്ചത്. നിലവിൽ ബാങ്കിൽ അഡ്മിനിസട്രേറ്റീവ് ഭരണമാണ്. കണ്ടല സഹകരണ ബാങ്കിലും എൻഫോഴ്‌സ്മെന്റ് ഡയറക്ട്രേറ്റിന്റെ പരിശോധന നടന്നിരുന്നു.ബാങ്കിൽ കോടികളുടെ നിക്ഷേപ ക്രമക്കേട് നടന്നതായി പരാതി ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇ ഡിയുടെ നടപടി. ഭാസുരാംഗന്റെ പൂജപ്പുരയിലെ മകൻ്റെ വീട്ടിലും കാട്ടാക്കട അഞ്ചുതെങ്ങിൻമൂട് മുൻ സെക്രട്ടറി ശാന്തകുമാരിയുടെ വീട്ടിലും പേരൂർക്കടയിൽ ഉള്ള മുൻ സെക്രട്ടറിയുടെ വീട്ടിലുമാണ് പരിശോധന നടന്നത്