ആലപ്പുഴ നൂറനാട് ദേശീയപാത വികസനത്തിന് കുന്നിടിച്ച് മണ്ണെടുക്കുന്നതിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധത്തിൽ സംഘർഷം. കായംകുളം-പുനലൂർ റോഡിലെ പ്രതിഷേധ മാർച്ചിനിടയിലാണ് പൊലീസുമായി സംഘർഷമുണ്ടായത്. മാവേലിക്കര എംഎൽഎ എം.എസ് അരുൺ കുമാറിന്റെ നേതൃത്വത്തിൽ നൂറോളം പേരെയാണ് റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചത്.സുരക്ഷാ ആശങ്ക ഉന്നയിച്ചാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. സമരക്കാർക്കെതിരെ പൊലീസ് ലാത്തി വീശുകയും ചെയ്തു. പ്രതിഷേധത്തിൽ പങ്കെടുത്ത സ്ത്രീകൾ ഉൾപ്പെടെ ഇരുപതോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് മണ്ണ് മാഫിയയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും പൊലീസ് ജനങ്ങൾക്കൊപ്പം നിൽക്കണമെന്നും അരുൺ കുമാർ പറഞ്ഞു.
കുന്നുകളിടിച്ച് മണ്ണെടുക്കുന്നതിനെതിരെ പാലമേൽ പഞ്ചായത്തിന്‍റെയും മുഴുവൻ രാഷ്ട്രീയ പാർട്ടികളുടെയും നേതൃത്വത്തിൽ മാസങ്ങളായി സംഘർഷം നടക്കുന്നുണ്ടായിരുന്നു. ഗ്രമപഞ്ചായത്തടക്കം ഹൈക്കോടതിയെ സമീപിച്ചെങ്കിലും മണ്ണെടുക്കുന്നതിന് അനുകൂലമായ ഉത്തരവാണ് വന്നത്. തുടർന്ന് ഇതിനെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. സിംഗിൾ ബെഞ്ചിന്‍റെ വിധി സ്റ്റേ ചെയ്യാതെ വിധി പറയുന്നത് ഡിസംബർ 22 ലേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. ഇതാണ് മണ്ണെടുപ്പ് ലോബിക്കു സഹായമായത്.