ശബരിമല തീർഥാടകർക്കു സഹായമാകുന്ന ‘അയ്യൻ’ എന്ന മൊബൈൽ ആപ്പ് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പ്രകാശനം ചെയ്തു. പമ്പ, സന്നിധാനം, സ്വാമി അയ്യപ്പൻ റോഡ്, പമ്പ-നീലിമല -സന്നിധാനം എരുമേലി- അഴുതക്കടവ്- പമ്പ, സത്രം – ഉപ്പുപാറ -സന്നിധാനം എന്നീ പാതകളിൽ ലഭിക്കുന്ന സേവനങ്ങൾ ഈ ആപ്പിലൂടെ ലഭ്യമാണ്. വനം വകുപ്പിൻ്റെ ശബരിമല മണ്ഡലകാല മകരവിളക്ക് മുന്നൊരുക്കങ്ങൾ 15നു പൂർത്തിയാകുമെന്നും മന്ത്രി പറഞ്ഞു . വനം വകുപ്പിൻ്റെ ശബരിമല മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.പമ്പ, മരക്കൂട്ടം, നീലമല എന്നിവിടങ്ങളിൽ ഇക്കോ ഷോപ്പ് 16ന് തുറക്കും. ഇക്കോ ഗാർഡ്, എലിഫൻ്റ് സ്ക്വാഡ്, സ്നേക് സ്ക്വാഡ് എന്നിവരെ നിയമിച്ചെന്നും മന്ത്രി വ്യക്തമാക്കി. പീരുമേട് എം എൽ എ വാഴൂർ സോമൻ, അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ, പത്തനംതിട്ട ജില്ലാ കളക്ടർ എ ഷിബു, ഇടുക്കി ജില്ലാ കളക്ടർ ഷീബാ ജോർജ്, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റുമാരായ ഡി ജയപ്രസാദ്, ഗംഗാ സിംഗ്, തുടങ്ങിയവർ പങ്കെടുത്തു.