മുംബൈ: 27കാരനായ പൊലീസ് കോണ്‍സ്റ്റബിളിനെ പൊലീസ് ക്യാമ്പിലെ ലൈബ്രറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ഞായറാഴ്ച വോര്‍ലിയിലെ ക്യാമ്പിലാണ് ഇന്ദ്രജീത്ത് എന്ന ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയില്‍ സഹപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. പെണ്‍ സുഹൃത്തുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഇന്ദ്രജീത്ത് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അറിയിച്ചു. മുംബൈ പൊലീസിന്റെ ആയുധ വിഭാഗത്തിലെ ഉദ്യോഗസ്ഥനായ ഇന്ദ്രജീത്ത് വോര്‍ലിയിലെ പൊലീസ് ക്യാമ്പിലാണ് താമസിച്ചിരുന്നത്. ഇന്ദ്രജീത്തും 23കാരിയും തമ്മില്‍ ഏപ്രില്‍ മാസം മുതല്‍ സൗഹൃത്തിലായിരുന്നു. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം വോര്‍ലിക്ക് സമീപത്തെ ബുദ്ധ ഗാര്‍ഡനില്‍ വച്ച് ഇരുവരും കണ്ടുമുട്ടിയിരുന്നു. ഇവിടെ വച്ചാണ് മറ്റൊരു സ്ത്രീയുമായി ഇന്ദ്രജീത്ത് ഇന്‍സ്റ്റാഗ്രാമില്‍ ചാറ്റ് ചെയ്യുന്നത് പെണ്‍കുട്ടി കണ്ടെത്തിയത്. തുടര്‍ന്നാണ് തര്‍ക്കമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. തര്‍ക്കത്തിനൊടുവില്‍ ഇന്ദ്രജീത്ത് പെണ്‍കുട്ടിയെ ദാദര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറക്കി വിട്ട ശേഷം ക്യാമ്പിലേക്ക് മടങ്ങി. പിന്നീട് ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് പെണ്‍സുഹൃത്ത് തന്നെ വിളിക്കുന്നതില്‍ നിന്ന് ബ്ലോക്ക് ചെയ്തതായി കണ്ടെത്തിയത്. നിരവധി തവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിന്റെ മനോവിഷമത്തിലാണ് ഇന്ദ്രജീത്ത് ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നും പൊലീസ് പറഞ്ഞു.