എറണാകുളം: സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലെന്ന് ഹൈക്കോടതിയിൽ തുറന്ന് സമ്മതിച്ച് ചീഫ് സെക്രട്ടറി ഡോ. വി വേണു. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലായതിനാലാണ് പെൻഷൻ വിതരണത്തിന് പണം അനുവദിക്കാൻ സാധിക്കാത്തതെന്നും ചീഫ് സെക്രട്ടറി ഹൈക്കോടതിയിൽ പറഞ്ഞു. പെൻഷൻ മുടങ്ങിയതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജിയിലാണ് ചീഫ് സെക്രട്ടറി നിലപാട് അറിയിച്ചത്. തുടർന്ന് തിങ്കളാഴ്‌ച്ച ഹാജരാകാതിരുന്നതിന് ചീഫ് സെക്രട്ടറി കോടതി മുൻപാകെ ക്ഷമ ചോദിച്ചു.ദൈനംദിന പ്രവർത്തനങ്ങൾക്ക് പോലും പണം കണ്ടെത്താൻ ബുദ്ധിമുട്ടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടെ ഒക്ടോബറിലെയും നവംബറിലെയും പെൻഷൻ കൊടുത്തു തീർക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. നവംബർ 30 നുള്ളിൽ രണ്ട് മാസത്തേ പെൻഷൻ നൽകണമെന്നാണ് ഇടക്കാല ഉത്തരവ്. ഇത് നൽകിയില്ലെങ്കിൽ ചീഫ് സെക്രട്ടറിയും കെഎസ്ആര്‍ടിസി എംഡിയും കോടതിയിൽ ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു.