കോഴിക്കോട്: പാതയോരത്ത് താഴ്ന്നു കിടക്കുന്ന കേബിളുകള്‍ കാല്‍ നടയാത്രക്കാര്‍ക്ക് ഭീഷണിയാവുന്ന സാഹചര്യത്തില്‍ ഇതിന് കാരണക്കാരായവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ദുരന്തങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത പൂര്‍ണമായി ഇല്ലാതാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. കെഎസ്ഇബി ഡിവിഷണല്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കാണ് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് നിര്‍ദ്ദേശം നല്‍കിയത്. സ്വീകരിച്ച നടപടികള്‍ മൂന്നാഴ്ചക്കകം സമര്‍പ്പിക്കണം. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
കോഴിക്കോട് നഗരത്തിലെ തിരക്കുള്ള സ്ഥലങ്ങളിലെല്ലാം താഴ്ന്നു കിടക്കുന്ന കേബിളുകള്‍ പതിവു കാഴ്ചയാണെന്ന് കമ്മീഷന്‍ പറഞ്ഞു. കെഎസ്ഇബിയുടെ ഉടമസ്ഥതതയിലുള്ള പോസ്റ്റുകളില്‍ ബിഎസ്എന്‍എല്ലും സ്വകാര്യ കേബിളുകാരും ലൈന്‍ വലിക്കുന്നുണ്ട്. കെ. ഫോണ്‍ കേബിളുകള്‍ക്കും ഇതേ പോസ്റ്റ് ഉപയോഗിക്കുന്നുണ്ട്. ബിഎസ്എന്‍എല്ലിന്റെയും പ്രാദേശിക കേബിള്‍ സേവനദാതാക്കളുടെയും കേബിളുകളാണ് താഴ്ന്നു കിടക്കുന്നത്. കാല്‍നട, ഇരുചക്ര വാഹന യാത്രികരാണ് അപകടത്തില്‍ പെടുന്നത്. അപകടത്തില്‍ മരണം വരെ സംഭവിച്ചിട്ടുണ്ടെന്നും കമ്മീഷന്‍ നിരീക്ഷിച്ചു.