കൊച്ചി: വിനോദയാത്രയ്ക്ക് ഒരുങ്ങിയ നാല് ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ കൂടുതല്‍ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. ബസുകളുടെ ഫിറ്റ്നസ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി. അനുവദനീയമല്ലാത്ത ലൈറ്റുകളും വയറിങ്ങുകളും വാഹനത്തിലുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയെന്നും ഇതേതുടര്‍ന്നാണ് ഫിറ്റ്നസ് റദ്ദാക്കുന്നതെന്നും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു. കൊച്ചി എളമക്കരയില്‍ ഇന്ന് രാവിലെയാണ് മോട്ടോര്‍ വാഹന വകുപ്പ് നാലു ടൂറിസ്റ്റ് ബസുകളും പിടിച്ചെടുത്തത്. ബസുകളിൽ നടത്തിയ പരിശോധനയിൽ അനുവദനീയമല്ലാത്ത ലൈറ്റുകളും വയറുകളും ഘടിപ്പിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി.ബസുകളിലെ ലൊക്കേഷൻ നാവിഗേഷൻ സിസ്റ്റത്തിന് ഉൾപ്പെടെ തകരാറുണ്ടെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.എളമക്കര ഗവണ്മെൻറ് ഹയർ സെക്കന്‍ഡറി സ്കൂളിലെ കുട്ടികൾ ടൂർ പോകുന്നതിനു മുൻപാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ നടപടിയുണ്ടായത്. ഊട്ടിയിലേക്ക് വിനോദയാത്രക്ക് പുറപ്പെടുന്നതിനു മുൻപ് ബസുകൾ മോട്ടോർവാഹനവകുപ്പിന്റെ പരിശോധനക്ക് വിധേയമാക്കാത്തതിനെ തുടർന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പരിശോധന നടക്കുമ്പോള്‍ നാലു ബസുകളിലുമായി ഇരുന്നൂറോളം വിദ്യാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. മറ്റൊരു വാഹനം സംഘടിപ്പിച്ച് ടൂര്‍ നടത്താനുള്ള ശ്രമത്തിലാണ് സ്കൂൾ അധികൃതർ. പകരം സംവിധാനം ലഭിച്ചില്ലെങ്കില്‍ ടൂര്‍ തന്നെ റദ്ദാക്കേണ്ട സാഹചര്യത്തിലാണ് സ്കൂള്‍ അധികൃതര്‍.
വിനോദ യാത്ര പോകുന്നതിന് മുമ്പ് ബസുകള്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പരിശോധിച്ച് ഫിറ്റ്നസ് നല്‍കണമെന്നാണ് നിബന്ധന. എന്നാല്‍, ടൂര്‍ പോകുന്നതിനായി കൊണ്ടുവന്ന നാലു ബസുകളും നേരത്തെ തന്നെ മോട്ടോര്‍ വാഹന വകുപ്പിനെകൊണ്ട് പരിശോധിപ്പിച്ച് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കിയിരുന്നില്ലെന്നാണ് അധികൃതര്‍ പറയുന്നത്. തങ്ങളുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായിട്ടില്ലെന്നും വാഹന ഉടമകളാണ് ഇതുസംബന്ധിച്ച അനുമതി വാങ്ങേണ്ടിയിരുന്നതെന്നും സ്കൂള്‍ അധികൃതര്‍ പറഞ്ഞു. അവസാന നിമിഷത്തിലെ നടപടിയില്‍ ടൂര്‍ പോകാന്‍ കഴിയുമോയെന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍. ടൂര്‍ ഓപ്പറേറ്ററുടെ ഇടപെടലിലൂടെ മറ്റു ബസുകളിലായി ടൂര്‍ പോകാനുള്ള ശ്രമത്തിലാണ് അധികൃതര്‍.