വീട്ടുവളപ്പിൽ ആട് കയറിയതിന് അയൽവാസിയായ സ്ത്രീയെയും മകനെയും മർദിച്ചയാൾ പിടിയിൽ. പാമ്പാക്കുട സ്വദേശി രാധാകൃഷ്ണനെ അറസ്റ്റ് ചെയ്‌തത് ജാമ്യമില്ലാ വകുപ്പ് പ്രകാരം. വിമുക്ത ഭടനായ രാധാകൃഷ്‌ണനെതിരെ പരാതി നൽകിയത് അയൽവാസി പ്രിയ മധുവാണ്. പിറവം പാമ്പാക്കുട സ്വദേശിനി പ്രിയ മധുവിനും പതിനേഴുകാരനായ മകനുമാണ് അയൽക്കാരനായ രാധാകൃഷ്ണനെന്നയാളിൽനിന്ന് മർദനമേറ്റത്.
കേസിൽ പൊലീസ് തുടർ നടപടിയെടുക്കിനില്ലെന്നാരോപിച്ച് റൂറൽ എസ്പിക്ക് പരാതി നൽകിയിരുന്നു. പറമ്പിൽ കെട്ടിയിരുന്ന ആടിനെ വീട്ടിലേക്ക് കൊണ്ട് വരുന്ന വഴി രാധാകൃഷണന്റെ വീട്ടുവളപ്പിൽ ഓടി കയറിയതിനെച്ചൊല്ലിയായിരുന്നു മർദനം.കരിങ്കല്ലെടുത്ത് ആടിനെ ആക്രമിച്ച രാധാകൃഷണനെ തടയാൻ പതിനേഴുകാരൻ ശ്രമിച്ചു. ഇതോടെ രാധാകൃഷ്ണൻ പതിനേഴുകാരന്റെ കൈ കൈപിടിച്ചൊടിച്ചു. തടയാൻ ചെന്ന പ്രിയയുടെ മുടി കുത്തിപ്പിടിച്ച് മുഖത്തിടിച്ചതായും പരാതിയിൽ പറയുന്നു. ബോധരഹിതയായ ഇവരെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു.